യുവാവിനെ കഴുത്തറുത്ത് കൊന്നു; ഭാര്യ അറസ്റ്റില്‍

താനൂര്‍: തെയ്യാല-ഓമച്ചപ്പുഴയില്‍ യുവാവിനെ കൊല്ലപ്പെട്ട നിലയില്‍ കണ്ടെത്തി. താനൂര്‍ അഞ്ചുടി സ്വദേശി പൗറകത്ത് സവാദി(40)നെയാണ് ഇന്നലെ രാത്രി തെയ്യാലയിലെ വാടക ക്വാര്‍ട്ടേഴ്‌സില്‍ കഴുത്തറുത്ത് കൊല്ലപ്പെട്ട നിലയില്‍ കണ്ടത്. സവാദിന്റെ കഴുത്ത് മുറിഞ്ഞ നിലയിലും ശരീരത്തില്‍ കത്തികൊണ്ട് വരഞ്ഞ അടയാളങ്ങളും കാണപ്പെട്ടിട്ടുണ്ട്. തലയ്ക്ക് മരക്കഷ്ണമോ മറ്റ് ആയുധമോ ഉപയോഗിച്ച് അടിച്ചതിന്റെ മുറിവുണ്ടെന്നും പോലിസ് പറഞ്ഞു. മൂത്ത മകനൊപ്പം വരാന്തയില്‍ ഉറങ്ങുന്നതിനിടെയാണ് കൊല നടന്നത്. രാത്രി വൈദ്യുതി പോയത് കാരണം ഇരുവരും ഗ്രില്ലിട്ട വരാന്തയില്‍ വാതില്‍ പൂട്ടിക്കിടന്നിരുന്നു. 12മണിക്കും ഒന്നരയ്ക്കുമിടയില്‍ മുഖത്തേക്ക് രക്തം തെറിച്ചപ്പോള്‍ മകന്‍ ഞെട്ടിയുണരുകയായിരുന്നു.
ഈ സമയത്ത് കറുത്ത വസ്ത്രം ധരിച്ച ഒരാള്‍ ഓടിപ്പോവുന്നത് കണ്ടതായി കുട്ടി പോലിസിന് മൊഴിനല്‍കിയിട്ടുണ്ട്. രണ്ടുമണിയോടെ ഭാര്യയാണ് കൊലപാതകം നടന്ന വിവരമറിയിച്ചത്. സംഭവശേഷം ഭാര്യ സൗജത്തിനെ പോലിസ് ചോദ്യംചെയ്ത് വിട്ടയച്ചിരുന്നെങ്കിലും വൈകീട്ട് ഏഴ് മണിയോടെ താനൂര്‍ പോലിസ് അറസ്റ്റ് ചെയ്തു. ഭാര്യയുടെ ഒത്താശയോടെയാണ് കൊലപാതകം നടന്നതെന്നാണ് പോലിസ് നിഗമനം. ഇവരെ ഇന്ന് തെളിവെടുപ്പിനായി ഹാജരാക്കും.
രണ്ടു വര്‍ഷത്തോളമായി വാടക ക്വര്‍ട്ടേഴ്‌സിലാണ് സവാദും ഭാര്യയും മക്കളും താമസിക്കുന്നത്. മല്‍സ്യത്തൊഴിലാളിയായ സവാദ് മറ്റു ജോലികളും ചെയ്തിരുന്നു. സംഭവം നടക്കുന്നതിന്റെ തലേ ദിവസവും സവാദ് കടലില്‍ പോയിരുന്നു. പൗറകത്ത് കമ്മുവിന്റെയും, ഉമ്മാച്ചുമ്മയുടെയും മകനാണ്. ഷര്‍ജ ഷെറി, സാജദ്, ഷംസ ഷെറി, സജല ഷെറി മക്കളാണ്. സഹോദരങ്ങള്‍: യാഹു, അഷ്‌റഫ്, സഫിയ, സമദ്, സുലൈഖ, റാഫി, അലിമോന്‍, നസീമ, യൂനസ്, ഫാസില. സംഭവസ്ഥലം ജില്ലാ പോലിസ് സൂപ്രണ്ട് പ്രദീഷ് കുമാര്‍, തിരൂര്‍ ഡിവൈഎസ്പി ബിജു ഭാസ്‌കര്‍ എന്നിവര്‍ സന്ദര്‍ശിച്ചു. താനൂര്‍ സിഐ എം ഐ ഷാജി, എസ്‌ഐ നവീന്‍ ഷാജി, വാരിജാക്ഷന്‍, നവീന്‍ എന്നിവരുടെ നേതൃത്വത്തില്‍ ഇന്‍ക്വസ്റ്റ് തയ്യാറാക്കി.
ഫോറന്‍സിസ് ഉദ്യോഗസ്ഥരായ ബി ദിനേഷ്, സന്തോഷ്, വിരലടയാള വിദഗ്ധര്‍, മലപ്പുറം ഡോഗ് സ്‌കോഡിലെ പോലിസ് നായ റിഗോയും സ്ഥലത്ത് പരിശോധന നടത്തി. മൃതദേഹം ഇന്നലെ ആറുമണിക്ക് അഞ്ചുടി മുഹ്‌യുദ്ദീന്‍ ജുമാമസ്ജിദില്‍ ഖബറടക്കി.

RELATED STORIES

Share it
Top