യുവാവിനെ കബളിപ്പിച്ച് യുവതിയും കൂട്ടരും കാറുമായി മുങ്ങി

മട്ടാഞ്ചേരി: വഴിയരികില്‍ വച്ച് പരിചയപ്പെട്ട യുവതിയും സംഘവും ചേര്‍ന്ന് യുവാവിനെ കബളിപ്പിച്ച് കാറുമായി കടന്ന് കളഞ്ഞു. തേവരയിലെ  ഫഌറ്റില്‍ താമസിക്കുന്ന അഭിജിത്തെന്ന യുവാവാണ് യുവതിയുടെയും സംഘത്തിന്റെയും തട്ടിപ്പിനിരയായാത്. വെള്ളിയാഴ്ച വൈകീട്ടാണ് സംഭവം. പുലര്‍ച്ചെ തേവരയിലെ സത്യസായി ക്ഷേത്രത്തില്‍ പോയി മടങ്ങുകയായിരുന്ന അഭിജിത്ത് തേവരയില്‍ ബസ് സ്‌റ്റോപ്പില്‍ നില്‍ക്കുകയായിരുന്ന യുവതിയുമായി പരിചയത്തിലാവുകയും ഇവരെ സ്വന്തം കാറില്‍ കയറ്റുകയും ചെയ്തു. ഇതിനിടയില്‍ പറവൂര്‍ സ്വദേശിനിയെന്ന് പരിചയപ്പെടുത്തിയ യുവതിയോടൊപ്പമുണ്ടായിരുന്ന നാല് യുവാക്കളും കയറി. തുടര്‍ന്ന് ഇവര്‍ ആറുപേരും ചേര്‍ത്തല ഭാഗത്ത് കറങ്ങി നടക്കുകയും വൈകീട്ട് ചെല്ലാനത്ത് എത്തിയപ്പോള്‍ സിഗരറ്റ് വലിക്കുന്നതിനായി കാറില്‍ നിന്ന് അഭിജിത്ത് പുറത്തിറങ്ങിയ തക്കം നോക്കി അഞ്ചുപേരും കാറുമായി കടന്ന് കളയുകയുമായിരുന്നു. യുവാവിന്റെ മൊബൈല്‍ ഫോണും കാറിനകത്തുണ്ടായിരുന്നു. ഇതിനെ തുടര്‍ന്ന് തട്ടിപ്പിനിരയായ യുവാവ് കണ്ണമാലി പോലിസിന് പരാതി നല്‍കുകയായിരുന്നു. കണ്ണൂര്‍ സ്വദേശിയായ യുവാവ് കഴിഞ്ഞ 12 വര്‍ഷമായി തേവരയിലെ ഫഌറ്റില്‍ താമസിച്ച് വരികയാണ്. യുവതിയെ തിരക്കി പോലിസ് പറവൂരില്‍ ചെന്നെങ്കിലും ഇവര്‍ ഇവിടെ കഴിഞ്ഞ രണ്ട് ദിവസമായി വാടകയ്ക്ക് താമസിക്കുകയാണെന്ന വിവരമാണത്രേ ലഭിച്ചത്. യുവതി ഉള്‍പ്പെടെയുള്ളവര്‍ മാഫിയ സംഘത്തിന്റെ കണ്ണികളാണെന്ന വിവരം പോലിസിന് ലഭിച്ചിട്ടുണ്ട്. സംഭവത്തില്‍ ഉള്‍പ്പെട്ട മൂന്ന് യുവാക്കള്‍ പോലിസിന്റെ പിടിയിലായതായി സൂചനയുണ്ട്. യുവതിയെ കൂടാതെ മറ്റൊരാള്‍ കൂടി ഇനി പിടിയിലാവാനുണ്ടെന്നാണ് വിവരം. ഇവര്‍ക്കായി  അന്വേഷണം ശക്തമാക്കിയിട്ടുണ്ട്. തട്ടിക്കൊണ്ട് പോയ കാര്‍ കണ്ടെത്താനുള്ള ശ്രമവും പോലിസ് ഊര്‍ജിതമാക്കിയിട്ടുണ്ട്. മട്ടാഞ്ചേരി സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ടി ആര്‍ സന്തോഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം നടക്കുന്നത്.

RELATED STORIES

Share it
Top