യുവാവിനെ അക്രമിച്ച് കവര്‍ച്ച; നാലംഗസംഘം പിടിയില്‍

പെരിന്തല്‍മണ്ണ: അര്‍ധരാത്രിയില്‍ കാറില്‍ യാത്ര ചെയ്യുകയായിരുന്ന യുവാവിനെ മാരകായുധങ്ങളുമായി ആക്രമിച്ച് പണവും മറ്റും കവര്‍ന്ന സംഭവത്തില്‍ നാലംഗ സംഘത്തെ പെരിന്തല്‍മണ്ണയില്‍ പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. അങ്ങാടിപ്പുറം തിരൂര്‍ക്കാട് സ്വദേശികളായ ഓട്ടുപറമ്പന്‍ വീട്ടില്‍ അജ്മല്‍ (28), കടവത്ത്പറമ്പില്‍ ശിവേഷ്എന്ന കണ്ണന്‍ (28), പെരിന്തല്‍മണ്ണ തേക്കിന്‍കോട്ടെ പള്ളിപ്പറമ്പില്‍ മുഹമ്മദ് യുസുഫ് (21), അരിപ്ര മണ്ണാംപറമ്പ് സ്വദേശി തടിയക്കോടന്‍ വീട്ടില്‍ ഷഹബാസ് എന്ന പീലു (22) എന്നിവരാണ് പെരിന്തല്‍മണ്ണ ഡിവൈഎസ്പി എം പി മോഹനചന്ദ്രന്റെ നേതൃത്വത്തിലുള്ള സംഘം അറസ്റ്റുചെയ്തത്.
ചൊവ്വാഴ്ച പുലര്‍ച്ചയോടെയാണ് കേസിനാസ്പദമായ സംഭവം. തുവ്വൂര്‍ സ്വദേശിയായ യുവാവ് പെരിന്തല്‍മണ്ണയില്‍ നിന്നു വീട്ടിലേക്ക് കാറില്‍ പോവുന്നതിനിടെ ഇരുമ്പ് പൈപ്പുകളും മറ്റു മാരകായുധങ്ങളുമായി രണ്ടു ബൈക്കുകളിലായെത്തിയ സംഘം അക്രമിക്കുകയായിരുന്നു. പെരിന്തല്‍മണ്ണ ബൈപാസ് ജങ്ഷനില്‍ ആളൊഴിഞ്ഞ സ്ഥലത്തെത്തിയപ്പോള്‍ ബൈക്കുകള്‍ കാറിന് കുറുകെയിട്ട് ഇയാളെ വാഹനത്തില്‍ നിന്നും ബലമായി വലിച്ചിറക്കി യാണ് മര്‍ദിച്ചത്. തുടര്‍ന്ന് ടൗണിലെ വിജനമായ ഭാഗത്തേക്ക് കൊണ്ടുപോയി നഗ്‌നയാക്കി വീഡിയോ ദൃശ്യങ്ങള്‍ പകര്‍ത്തുകയും ചെയ്തു. ശേഷം യുവാവിന്റെ കൈവശമുണ്ടായിരുന്ന പണവും മൊബൈല്‍ ഫോണും കവരുകയായിരുന്നു. സംഭവം പുറത്തുപറയുകയോ പോലിസില്‍ പരാതിപ്പെടുകയോ ചെയ്താല്‍ തന്റെ നഗ്‌ന ചിത്രങ്ങള്‍ സാമൂഹികമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. സംഭവത്തില്‍ യുവാവ് നല്‍കിയ പരാതിയുടെ അടിസ്ഥാനത്തില്‍ ടൗണിലെ സ്ഥാപനങ്ങളില്‍ നിന്നുള്ള സിസിടിവി ദൃശ്യങ്ങളില്‍ പോലിസ് നടത്തിയ പരിശോധനയില്‍ പ്രതികള്‍ കൃത്യത്തിനായി ഉപയോഗിച്ച വാഹനങ്ങളെ കുറിച്ചും മറ്റും വ്യക്തമായ ധാരണ ലഭിക്കുകയും പിന്നീട് മണിക്കൂറുകള്‍ക്കുള്ളില്‍ അന്വേഷണ സംഘം മറ്റൊരു കെണിയൊരുക്കി പ്രതികളെ പിടികൂടുകയുമായിരുന്നു.
മുമ്പ് നിരവധി മോഷണക്കേസുകളില്‍ ജയില്‍ ശിക്ഷ അനുഭവിച്ചവരാണ് പ്രതികളെന്ന് പോലിസ് പറഞ്ഞു. പെരിന്തല്‍മണ്ണ സിഐടിഎസ് ബിനുമുത്തേടം, ടൗണ്‍ ഷാഡോ ടീം അംഗങ്ങളായ എന്‍ ടി കൃഷ്ണകുമാര്‍, എം മനോജ്കുമാര്‍, ദിനേശ് കിഴക്കേക്കര, അനീഷ് പൂളക്കല്‍, ജയന്‍, ബിബിന്‍, വനിതാ സിപിഒ ജയമണി എന്നിവരടങ്ങുന്ന സംഘമാണ് പ്രതികളെ പിടികൂടിയത്.

RELATED STORIES

Share it
Top