യുവാവിനു വെട്ടേറ്റ സംഭവം: പ്രതി പിടിയില്‍

തൊടുപുഴ: പട്ടയംകവലയിലെ ലോഡ്ജില്‍ യുവാവിനെ വെട്ടിയ കേസില്‍ പ്രതി പിടിയില്‍. കീരിക്കോട് വെള്ളൂപ്പറമ്പില്‍ അബു(34)വിനെ വെട്ടി പരിക്കേല്‍പ്പിച്ച കേസില്‍ കാരുപ്പാറ ചെരുവില്‍ അനസിനെ(മൗഗ്ലി—38) യാണ് തൊടുപുഴ പോലിസ് പിടികൂടിയത്.
ഞായറാഴ്ച വൈകിട്ട് മൂന്ന് മണിയോടെയാണ് സംഭവം.അബുവും സുഹൃത്തുക്കളും ചേര്‍ന്ന് ഒരാഴ്ച മുമ്പ് അനസിനെ മര്‍ദ്ദിച്ചിരുന്നു. ഇതിന്റെ വൈരാഗ്യമാണ് ആക്രമണത്തില്‍ കലാശിച്ചത്.സംഭവത്തില്‍ അനസിന്റെ നട്ടെല്ലിന് പരിക്കേറ്റിരുന്നതായും പോലീസ് പറയുന്നു. ആക്രമണത്തിന് ശേഷം മുങ്ങിയ പ്രതിയെ പെരുമ്പാവൂര്‍ കുറുപ്പുംപടിയിലെ ലോഡ്ജില്‍ നിന്നും സൈബര്‍സെല്ലിന്റെ സഹായത്തോടെ സംഭവം നടന്ന ദിവസം രാത്രി 12 മണിയോടെയാണ് പിടികൂടിയത്.  ടൗണില്‍ വച്ച് മദ്യം വാങ്ങി നല്‍കിയശേഷം ലോഡ്ജില്‍ എത്തിച്ച് ശുചിമുറിയില്‍ കയറിയ നേരം വെട്ടുകത്തി ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു എന്നാണ് പോലീസ് നല്‍കുന്ന വിവരം.
ഇതിന് ശേഷം വാതില്‍ പുറത്ത് നിന്ന് പൂട്ടി അനസ് രക്ഷപ്പെടുകയായിരുന്നു. തലക്കും കൈയ്ക്കും പുറത്തിനും വെട്ടേറ്റ അബു ബഹളം വയ്ക്കുകയും ലോഡ്ജ് ഉടമയെത്തി വാതില്‍ തുറന്ന് നല്‍കുകയായിരുന്നു. തനിയെ നടന്ന് താഴെ നിര്‍ത്തിയിട്ടിരുന്ന ഓട്ടോറിക്ഷയില്‍ കയറി ആശുപത്രിയില്‍ എത്തുകയായിരുന്നു. പിന്നീട് അബു അപകട നില തരണം ചെയ്തു.

RELATED STORIES

Share it
Top