യുവാക്കള്‍ മസ്‌കറ്റില്‍ കുടുങ്ങി കിടക്കുന്നതായി കുടുംബാംഗങ്ങള്‍

കൊല്ലം: ജോലിയും ശമ്പളും വാഗ്ദാനം നല്‍കി മസ്‌ക്കറ്റിലെത്തിച്ച ആറു യുവാക്കള്‍ തിരികെ വരാനാകാതെ അവിടെ കുടുങ്ങി കിടക്കുന്നതായി ഇവരുടെ കുടുംബാംഗങ്ങള്‍. ആലപ്പുഴ സ്വദേശി വിനീഷ് കുമാര്‍, പത്തനംത്തിട്ട സ്വദേശി വിനീഷ്, കൊല്ലം ശാസ്താംകോണം സ്വദേശികളായ വൈശാഖന്‍, ജയന്‍ മോനി, പുനലൂര്‍ സ്വദേശി ഷിജോ ഡിക്‌സണ്‍ എന്നിവരാണ് മസ്‌കറ്റില്‍ അകപ്പെട്ടിരിക്കുന്നത്.
ഇവരെ നാട്ടിലെത്തിക്കാന്‍ സഹായം നല്‍കണമെന്ന് കുടുംബാംഗങ്ങള്‍ ആവശ്യപ്പെട്ടു.  കഴിഞ്ഞ ഡിസംബറില്‍ മസ്‌ക്കറ്റിലെത്തിയ യുവാക്കള്‍ക്ക് 150 റിയാല്‍ ശമ്പളവും ഭക്ഷണവും താമസവും സൗജന്യവുമാണെന്നാണ് ഇവരില്‍ നിന്നും പണം വാങ്ങിയ ശാസ്താംകോണം സ്വദേശിയായ അമ്പിളി പറഞ്ഞിരുന്നത്.
എന്നാല്‍ വിദേശത്ത് എത്തിയ ഇവര്‍ക്ക് നൂറു റിയാല്‍ ശമ്പളം മാത്രമാണ് അറബി നല്‍കാന്‍ തയ്യാറായത്. മറ്റു മാര്‍ഗമില്ലാതെ ജോലിയില്‍ പ്രവേശിച്ച ഇവര്‍ക്ക് മണിക്കൂറുകള്‍ ജോലി ചെയ്യേണ്ടി വന്നിട്ടും ശമ്പളം നല്‍കാന്‍ അറബി തയ്യാറായില്ലെന്നും കുടുംബാംഗങ്ങള്‍ പരാതിപ്പെടുന്നു. എട്ടു മണിക്കൂര്‍ ജോലിയും രണ്ടു മണിക്കൂര്‍ ഓവര്‍ടൈമും ശമ്പളവും എന്നുമായിരുന്നു പണം വാങ്ങിയവര്‍ ഇവരെ ധരിപ്പിച്ചിരുന്നത്. എന്നാല്‍ അടിമപണിക്കൊപ്പം വൃത്തിഹീനമായ അന്തരീക്ഷത്തില്‍ കുടുസുമുറിയലാണ് ഇവര്‍ താമസിക്കുന്നത്. പാസ്‌പോര്‍ട്ട് അടക്കമുള്ള രേഖകള്‍ പിടിച്ചു വച്ചിരിക്കുന്നതിനാല്‍ നാട്ടിലേക്ക് മടങ്ങാനോ പുറത്തിറങ്ങാനോ കഴിയാത്ത സാഹചര്യത്തിലാണിവര്‍. ഇപ്പോള്‍ ജോലിയും നഷ്ടപ്പെട്ട നിലയിലാണ്. ശാസ്താംകോണം ലേഖാ ഭവനില്‍ അമ്പിളി, ഭര്‍ത്താവ് രഞ്ജിത്ത് എന്നിവര്‍ക്ക് എതിരേ കുടുംബാംഗങ്ങള്‍ പോലിസില്‍ പരാതി നല്‍കിയിരിക്കുകയാണ്.

RELATED STORIES

Share it
Top