യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍

കുന്നംകുളം: കഞ്ചാവ് വില്‍പ്പനയെ സംബന്ധിച്ചുള്ള തര്‍ക്കത്തെ തുടര്‍ന്ന് യുവാക്കള്‍ക്ക് വെട്ടേറ്റ സംഭവത്തില്‍ പ്രതി അറസ്റ്റില്‍. അടുപ്പൂട്ടി സീനിയര്‍ ഗ്രൗണ്ടിനടുത്ത് പൂങ്ങാട്ടില്‍ മോഹനനെയാണ്(കാട മോഹനന്‍-54) കുന്നംകുളം എസ്‌ഐ യു കെ ഷാജഹാന്റെ നേതൃത്വത്തിലുള്ള പോലിസ് സംഘം അറസ്റ്റ് ചെയ്തത്.
കഴിഞ്ഞ ദിവസമാണ് അടുപ്പൂട്ടിയില്‍ കഞ്ചാവ് വില്‍പ്പനയുമായി ബന്ധപ്പെട്ട് വാക്കേറ്റവും സംഘര്‍ഷവുമുണ്ടായത്. കഞ്ചാവ് വില്‍പ്പനയുടെ വിവരമറിഞ്ഞ് കുന്നംകുളം എക്‌സൈസ് സംഘം പരിശോധനക്കെത്തിയിരുന്നു. മോഹനനെ കുറിച്ച് അന്വേഷിക്കുകയും ചെയ്തിരുന്നു. എക്‌സൈസ് സംഘത്തിന് വിവരങ്ങള്‍ കൈമാറിയത് പ്രദേശവാസിയായ പൂങ്ങാട്ടില്‍ രതീഷാണെന്നാരോപിച്ച് മോഹനന്‍ ഇയാളെയും സുഹൃത്ത് തയ്യില്‍ വിഷ്ണുവിനെയും വെട്ടി പരിക്കേല്‍പ്പിക്കുകയായിരുന്നു.
സംഭവത്തില്‍ തനിക്കും വെട്ടേറ്റതായി കാട്ടി മെഡിക്കല്‍ കോളജില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന മോഹനനെ ആശുപത്രിയില്‍ നിന്നാണ് പോലിസ് സംഘം അറസ്റ്റ് ചെയ്തത്. രതീഷ് മെഡിക്കല്‍ കോളജിലും, വിഷ്ണു കുന്നംകുളത്തെ സ്വകാര്യ ആശുപത്രിയിലും ചികിത്സയിലാണ്. ഇരുവരും അപകടനില തരണം ചെയ്തതായി ആശുപത്രി വൃത്തങ്ങള്‍ അറിയിച്ചു. ഒരിടവേളയ്ക്ക് ശേഷം അടുപ്പുട്ടി കേന്ദ്രീകരിച്ച് കഞ്ചാവ് വില്‍പ്പന സംഘങ്ങള്‍ സജീവമായിരിക്കുകയാണ്
എക്‌സൈസ് ഉദ്യോഗസ്ഥര്‍ വല്ലപ്പോഴും പേരിന് റെയ്ഡ് നടത്തി ഉത്തരവാദിത്തം അവസാനിപ്പിക്കുകയാണ് പതിവെന്ന ആക്ഷേപമുണ്ട്. അറസ്റ്റിലായ പ്രതിയെ കോടതിയില്‍ ഹാജരാക്കി.

RELATED STORIES

Share it
Top