യുവമോര്‍ച്ച ഐജി ഓഫിസ് മാര്‍ച്ചില്‍ സംഘര്‍ഷം; ലാത്തിച്ചാര്‍ജ്

കണ്ണൂര്‍: വിവിധ ആവശ്യങ്ങളുന്നയിച്ച് യുവമോര്‍ച്ച ഐജി ഓഫിസിലേക്ക് നടത്തിയ മാര്‍ച്ചില്‍ സംഘര്‍ഷം. പോലിസിന്റെ ബാരിക്കേഡ് തകര്‍ക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് സംഘര്‍ഷമുണ്ടായത്. ഡിവൈഎസ്പി പി പി സദാനന്ദന്‍, സിഐ രത്‌നകുമാര്‍, ടൗണ്‍ എസ്‌ഐ ശ്രീജിത് കോടേരി എന്നിവരുടെ നേതൃത്വത്തിലുള്ള പോലിസ് സംഘം മാര്‍ച്ച് തടഞ്ഞതോടെ പ്രകോപിതരായ പ്രവര്‍ത്തകരെ പിരിച്ചുവിടാന്‍ പോലിസ് ലാത്തിച്ചാര്‍ജ്ജ് നടത്തി. പ്രവര്‍ത്തകരെ അറസ്റ്റ് ചെയ്ത് നീക്കാനുള്ള ശ്രമം പോലിസ് വാഹനത്തില്‍ കയറാതെ പ്രതിരോധിച്ചപ്പോള്‍ വീണ്ടും സംഘര്‍ഷാവസ്ഥയുണ്ടായി.
മാര്‍ച്ച് സംസ്ഥാന വൈസ് പ്രസിഡന്റ് ബിജു എളക്കുഴി ഉദ്ഘാടനം ചെയ്തു. പോലിസുമായുണ്ടായ ഉന്തിലും തള്ളിലും യുവമോര്‍ച്ച പ്രവര്‍ത്തകരായ സി സി രതീഷ്, പ്രജീഷ് എളയാവൂര്‍, ദീപു, അജേഷ് എന്നിവര്‍ക്കു പരിക്കേറ്റു. ഇവരെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇവരുള്‍പ്പെടെയുള്ള പ്രതിഷേധക്കാരെ അറസ്റ്റ് ചെയ്ത് ടൗണ്‍ സ്‌റ്റേഷനിലേക്ക് മാറ്റിയ സമയത്ത് ടൗണ്‍ പോലിസ് സ്‌റ്റേഷനകത്തും ഉന്തുംതള്ളുമുണ്ടായി. കണ്ണവം ശാമപ്രസാദ് വധ ഗൂഢാലോചന പുറത്തുകൊണ്ടുവരിക, പോപുലര്‍ ഫ്രണ്ടിനെ നിരോധിക്കുക, അഭിമന്യു വധക്കേസ് പ്രതികള്‍ക്ക് യുഎപിഎ ചുമത്തുക തുടങ്ങിയ ആവശ്യങ്ങളുന്നയിച്ചാണ് മാര്‍ച്ച് നടത്തിയത്. ജില്ലാ പ്രസിഡന്റ് അജേഷ് നടുവനാട് അധ്യക്ഷത വഹിച്ചു. കെ പി അരുണ്‍., ടി സി രാജേഷ് സംസാരിച്ചു.
വിവരമറിഞ്ഞ് ബിജെപി ജില്ലാ പ്രസിഡന്റ് പി സത്യപ്രകാശ്, സംസ്ഥാന കോ-ഓഡിനേഷന്‍ കമ്മിറ്റിയംഗം കെ രഞ്ജിത്ത എന്നിവരും പോലിസ് സ്‌റ്റേഷനിലെത്തിയിരുന്നു. കഴിഞ്ഞ ദിവസം എബിവിപി നടത്തിയ മാര്‍ച്ചിനിടെയും പോലിസിനു നേരെ അക്രമമുണ്ടായിരുന്നു. കല്ലേറില്‍ മൂന്നു പോലിസുകാര്‍ക്ക് പരിക്കേറ്റിരുന്നു.

RELATED STORIES

Share it
Top