യുവദമ്പതികള്‍ വെട്ടേറ്റു മരിച്ച നിലയില്‍

വെള്ളമുണ്ട: യുവദമ്പതികളെ വീട്ടിനുള്ളില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തി. വെള്ളമുണ്ട കണ്ടത്തുവയല്‍ പന്ത്രണ്ടാം മൈല്‍ വാഴയില്‍ മൊയ്തുവിന്റെയും ആയിഷയുടെയും മകന്‍ ഉമ്മര്‍ (27), ഭാര്യ ചെറ്റപ്പാലം മമ്മൂട്ടിയുടെ മകള്‍ ഫാത്തിമ (19) എന്നിവരെയാണ് കിടപ്പുമുറിയിലെ കട്ടിലില്‍ വെട്ടേറ്റു മരിച്ച നിലയില്‍ കണ്ടെത്തിയത്. ഇന്നലെ രാവിലെയാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. മോഷണശ്രമമാണെന്നായിരുന്നു പ്രാഥമിക നിഗമനം.  10 പവന്‍ സ്വര്‍ണം നഷ്ടപ്പെട്ടതാ യി സൂചനയുണ്ട്. കിടപ്പുമുറിയില്‍ കട്ടിലിനു മുകളിലാണ് രണ്ടു മൃതദേഹങ്ങളും കാണപ്പെട്ടത്. പിന്‍വാതില്‍ കുത്തിത്തുറന്ന് അകത്തു കയറിയാണ് കൃത്യം നടത്തിയതെന്നു കരുതുന്നു. വാതിലിനു സമീപത്തും പരിസരത്തും മുളകുപൊടി വിതറിയിട്ടുമുണ്ട്.
മൂന്നു മാസം മുമ്പായിരുന്നു ഇവരുടെ വിവാഹം. ഉമ്മറിന്റെ വീടിനു സമീപം ജ്യേഷ്ഠന്‍ മുനീര്‍ പുതുതായി നിര്‍മിച്ച വീടിന്റെ ഗൃഹപ്രവേശവും ഇവരുടെ വിവാഹവും ഒരു ദിവസമാണ് നടത്തിയത്. ഉമ്മ ആയിശ ഉമ്മറിന്റെ കൂടെയാണ് താമസിച്ചിരുന്നതെങ്കിലും വ്യാഴാഴ്ച മുനീറിന്റെ വീട്ടിലായിരുന്നു താമസം. ഇന്നലെ രാവിലെ തിരികെ വീട്ടിലെത്തിയപ്പോഴാണ് രക്തത്തില്‍ കുളിച്ച നിലയില്‍ മൃതദേഹങ്ങള്‍ കണ്ടത്. മൂര്‍ച്ചയുള്ള ആയുധം കൊണ്ട് വെട്ടിക്കൊലപ്പെടുത്തിയതാണെന്ന് പോലിസ് പറഞ്ഞു. ഇരുവര്‍ക്കും തലയ്ക്കും കഴുത്തിനുമാണ് വെട്ടേറ്റിരിക്കുന്നത്.
വിരലടയാള വിദഗ്ധരും സയന്റിഫിക് വിദഗ്ധരും സ്ഥലത്തെത്തി തെളിവെടുപ്പ് നടത്തി. ജില്ലാ പോലിസ് മേധാവി ആര്‍ കറുപ്പസ്വാമി സ്ഥലം സന്ദര്‍ശിച്ചു. കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്ന് അദ്ദേഹം പറഞ്ഞു. മാനന്തവാടി ഡിവൈഎസ്പി എം കെ ദേവസ്യ, പോലിസ് ഇന്‍സ്‌പെക്ടര്‍ പി കെ മണി, വെള്ളമുണ്ട, തലപ്പുഴ, മാനന്തവാടി സ്‌റ്റേഷനുകളിലെ എസ്‌ഐമാരും സ്ഥലത്തെത്തി.

RELATED STORIES

Share it
Top