യുവത്വത്തിന്റെ മേളയ്ക്ക് ഇന്ന് തിരശ്ശീല വീഴുംതിരുവനന്തപുരം: യുവജനങ്ങളുടെ സജീവമായ പങ്കാളിത്തം കൊണ്ട് ശ്രദ്ധേയമായ പത്താമത് രാജ്യാന്തര ഡോക്യുമെന്ററി ഹ്രസ്വ ചലച്ചിത്രമേളയ്ക്ക് ഇന്ന് തിരശ്ശീലവീഴും. സാംസ്‌കാരിക വൈവിധ്യങ്ങളുടെ ദൃശ്യാനുഭവങ്ങള്‍ യുവതലമുറയുടെ കാഴ്ചാനുഭവത്തില്‍ പുതിയ ഭാവമണ്ഡലങ്ങള്‍ സൃഷ്ടിക്കുവാന്‍ പര്യാപ്തമായ ചിത്രങ്ങളായിരുന്നു മേളയുടെ സവിശേഷത. വൈകീട്ട് ആറിന് കൈരളി തിയേറ്ററില്‍ നടക്കുന്ന സമാപനചടങ്ങില്‍ സാംസ്‌കാരിക മന്ത്രി എ കെ ബാലന്‍ അധ്യക്ഷനായിരിക്കും. ധനകാര്യ മന്ത്രി ഡോ. ടി എം തോമസ് ഐസക് ആണ് മുഖ്യാതിഥി. ചലച്ചിത്രസംവിധായകന്‍ കെ പി കുമാരനെ ചടങ്ങില്‍ ആദരിക്കും. ഡോക്യുമെന്ററി വിഭാഗത്തില്‍ മികച്ച ലോങ്ങ് ഡോക്യുമെന്ററി, മികച്ച ഷോര്‍ട്ട് ഡോക്യുമെന്ററി എന്നിവയാണ് പുരസ്‌കാരത്തിന് തിരഞ്ഞെടുക്കുന്നത്. 40 മിനിറ്റില്‍ കൂടുതല്‍ ദൈര്‍ഘ്യമുള്ളവ ലോങ്ങ് ഡോക്യൂമെന്ററിയും അതില്‍ കുറഞ്ഞവ ഷോര്‍ട്ട് വിഭാഗത്തിലുമാണ് ഉള്‍പ്പെടുത്തിയിട്ടുള്ളത്. ലോങ്ങ് ഡോക്യൂമെന്ററിക്ക് ഒരു ലക്ഷം രൂപയും ഷോര്‍ട്ട് ഡോക്യൂമെന്ററിക്ക് 50,000 രൂപയുമാണ് സമ്മാനം. മികച്ച ഒന്നാമത്തെ ഹ്രസ്വ ചിത്രത്തിന് 50,000 രൂപയും രണ്ടാമത്തെ ചിത്രത്തിന് 25,000  രൂപയുമാണ് സമ്മാനമായി ലഭിക്കുക. മികച്ച അനിമേഷന്‍ ചിത്രത്തിന് 25,000  രൂപയും ക്യാംപസ് ഷോര്‍ട്ട് ഫിക്ഷന് 20,000 രൂപയും ലഭിക്കും. പ്രശസ്ത ഛായാഗ്രാഹകന്‍ നവ്‌റോസ് കോണ്‍ട്രാക്ടര്‍ സംഭാവന ചെയ്യുന്ന മികച്ച ഡോക്യുമെന്ററി ഛായാഗ്രാഹകനുള്ള പുരസ്‌ക്കാരവും പട്ടികയിലുണ്ട്. 15,000 രൂപയാണ് സമ്മാനത്തുക. സമാപനച്ചടങ്ങിനു ശേഷം അവാര്‍ഡ് നേടിയ ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കും. ജൂണ്‍ 16 മുതല്‍  20 വരെ കൈരളി, ശ്രീ, നിള തീയേറ്ററുകളിലായി നടന്ന മേളയില്‍ വിവിധ ഭാഗങ്ങളിലായി 210 ചിത്രങ്ങളാണ് പ്രദര്‍ശിപ്പിച്ചത്. മേളയില്‍ ഉദ്ഘാടന ചിത്രങ്ങളായി അമേരിക്കന്‍ ഡോക്യുമെന്ററി “ലൈഫ്, ആനിമേറ്റഡും’ ബംഗാളി ഹ്രസ്വചിത്രമായ “സഖിസോണ’യും പ്രദര്‍ശിപ്പിച്ചു.

RELATED STORIES

Share it
Top