യുവതി വിഷം കലര്‍ത്തിയ ഭക്ഷണം കഴിച്ച് 5 മരണം

മുംബൈ: ഗാര്‍ഹിക പീഡനത്തിന് പ്രതികാരമായി യുവതി ഭക്ഷണത്തില്‍ വിഷം കലര്‍ത്തിയതിനെ തുടര്‍ന്ന് അഞ്ചുപേര്‍ മരിച്ചു. നാലു കുട്ടികളും ഒരു വയോധികനുമാണു മരിച്ചത്. കറുപ്പ് നിറത്തിന്റെ പേരിലും ഭക്ഷണം ഉണ്ടാക്കുന്നത് മോശമാണെന്നും ആരോപിച്ച് സ്ഥിരമായി ഭര്‍തൃവീട്ടുകാര്‍ അപമാനിച്ചതിലുള്ള ദേഷ്യമാണ് കൊലപാതകങ്ങളിലെത്തിച്ചത്. മഹാരാഷ്ട്രയിലെ റായ്ഗഡ് ജില്ലയിലെ മഹദ് ഗ്രാമത്തില്‍ കഴിഞ്ഞ തിങ്കളാഴ്ചയാണു സംഭവം.
ജ്യോതി സര്‍വാസ് (28) ആണ് തന്റെ ബന്ധുവായ സുഭാഷ് മനെയുടെ ജൂണ്‍ 18നു നടന്ന ഗൃഹപ്രവേശനച്ചടങ്ങിലെ ഭക്ഷണത്തില്‍ കീടനാശിനി കലര്‍ത്തിയത്. ഭക്ഷണം കഴിച്ച 120 പേര്‍ ചികില്‍സയിലാണ്. ഭക്ഷണം കഴിച്ചവര്‍ക്കെല്ലാം കടുത്ത വയറുവേദനയും ഛര്‍ദ്ദിയും അനുഭവപ്പെട്ടിരുന്നു. തുടര്‍ന്ന് സമീപത്തെ ആശുപത്രിയില്‍ ചികില്‍സതേടി. ഒരേ സ്ഥലത്തു നിന്ന് ഭക്ഷണം കഴിച്ചവര്‍ക്കാണ് അസ്വസ്ഥതകള്‍ അനുഭവപ്പെട്ടത് എന്നതിനാല്‍ ബാക്കിവന്ന ഭക്ഷണം കൂടുതല്‍ പരിശോധനകള്‍ക്കായി അയക്കുകയായിരുന്നു. തുടര്‍ന്നാണ് വന്‍തോതില്‍ കീടനാശിനി ഭക്ഷണത്തില്‍ ചേര്‍ത്തിട്ടുണ്ടെന്നു മനസ്സിലായത്.
ചടങ്ങില്‍ പങ്കെടുത്ത എല്ലാവരെയും പോലിസ് ചോദ്യംചെയ്തിരുന്നു. യുവതി പരസ്പരവിരുദ്ധമായ മൊഴികളാണ് ആദ്യം നല്‍കിയത്. കൂടുതല്‍ ചോദ്യംചെയ്തതോടെ കുറ്റം സമ്മതിച്ചു. കീടനാശിനിയുടെ അവശിഷ്ടം വീടിനു സമീപത്തു നിന്നു കണ്ടെടുത്തു.
ഇവരെ ശനിയാഴ്ച പോലിസ് അറസ്റ്റ് ചെയ്തു. 7നും 13 വയസ്സിനും ഇടയിലുള്ള കുട്ടികളാണു മരിച്ചത്. മരിച്ചവരില്‍ രണ്ടുപേര്‍ യുവതിയുടെ അടുത്ത ബന്ധുക്കളാണ്. രണ്ടുവര്‍ഷം മുമ്പാണ് യുവതി വിവാഹിതയായത്.

RELATED STORIES

Share it
Top