യുവതി പ്രസവത്തിനിടെ മരിക്കാനിടയായ സംഭവം, റിപോര്‍ട്ട് കലക്ടര്‍ക്ക് സമര്‍പ്പിച്ചു; കര്‍ശന നടപടിക്ക് ശുപാര്‍ശ

മലപ്പുറം: പ്രകൃതി ചികില്‍സയ്ക്ക് വിധേയയായ യുവതി പ്രസവത്തിനിടെ മരിക്കാനിടയായ സംഭവത്തിലെ അന്വേഷണ റിപോര്‍ട്ട് ജില്ലാ മെഡിക്കല്‍ ഓഫിസര്‍ കലക്ടര്‍ക്ക് സമര്‍പ്പിച്ചു. ചികില്‍സ നടത്തിയ സ്ഥാപനത്തിനെതിരേ കര്‍ശന നടപടി എടുക്കണമെന്ന് കലക്ടറോട് ആവശ്യപ്പെട്ടതായി ഡിഎംഒ ഡോ. കെ സെക്കീന പറഞ്ഞു. ആര്‍സിഎച്ച് ഓഫിസര്‍ ഡോ. ആര്‍ രേണുക,ഡെപ്പ്യൂട്ടി ഡിഎംഒമാരായ അഹമ്മദ് അഫ്‌സല്‍, കെ വി പ്രകാശ് എന്നിവരാണ് പ്രകൃതി ചികില്‍സാ കേന്ദ്രത്തിലെത്തി പരിശോധന നടത്തി അന്വേഷണ റിപോര്‍ട്ട് തയ്യാറാക്കിയത്.
കഴിഞ്ഞ തിങ്കളാഴ്ച്ചയാണ് മഞ്ചേരി ഏറനാട് ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന പ്രകൃതി ചികില്‍സാ കേന്ദ്രത്തില്‍ യുവതി പ്രസവത്തെ തുടര്‍ന്ന് മരിച്ചത്. പ്രസവത്തിനിടെ രക്തസ്രാവം തുടങ്ങി ബിപി നിലച്ചതോടെ ഏറനാട് ആശുപത്രിയിലെ അലോപതി വിഭാഗത്തിലേക്ക് മാറ്റിയെങ്കിലും ഇവരെ രക്ഷപ്പെടുത്താനായില്ല. കുഞ്ഞിന് കുഴപ്പമില്ല. മരണവുമായി ബന്ധപ്പെട്ട് ആരോഗ്യവകുപ്പിനു ലഭിച്ച പരാതിയുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് സംഭവം പുറത്തായത്. മരണം സംബന്ധിച്ച് പരാതി ലഭിച്ചതിനെ തുടര്‍ന്ന് കലക്ടറുടെ നിര്‍ദേശ പ്രകാരമാണ് അന്വേഷണം നടത്തിയതെന്ന് ആരോഗ്യവകുപ്പ് അധികൃതര്‍ പറഞ്ഞു. അന്വേഷണത്തെ തുടര്‍ന്ന് പ്രകൃതി ചികില്‍സാ കേന്ദ്രം ആരോഗ്യവകുപ്പ് പൂട്ടി സീല്‍ ചെയ്തു. 2016 ഒക്ടോബറില്‍ കോട്ടക്കലിനടുത്ത് പ്രകൃതി ചികില്‍സാലയത്തില്‍ വാട്ടര്‍ബെര്‍ത്തിനിടെ കുഞ്ഞ് മരിച്ചിരുന്നു.
ചികില്‍സകനെതിരേ കേസെടുക്കുകയും കേന്ദ്രം അടച്ചിടുകയും ചെയ്തു. ഈ വ്യക്തിയാണ് മഞ്ചേരിയിലും യുവതിയെ പ്രകൃതി ചികില്‍സയ്ക്ക് വിധേയമാക്കിയത്. അതേസമയം, ഇയാള്‍ നാച്ചറോപ്പതി കോളജില്‍ നിന്നു പ്രസവം എടുക്കുന്നത് പഠിച്ചിരുന്നില്ലെന്നും സ്വകാര്യ ആശുപത്രിയില്‍ നിന്നാണ് പ്രസവം എടുക്കുന്ന രീതി പഠിച്ചതെന്നും പറഞ്ഞതായി അന്വേഷണം സംഘം പറഞ്ഞു. ഗുരുതരാവസ്ഥയിലെത്തുന്ന രോഗികളെ നാച്ചറോപ്പതി ഡോക്ടര്‍മാര്‍ക്ക് എടുക്കാന്‍ പാടില്ലെന്നും യുവതിയുടെ പ്രസവം ഇത്തരത്തിലെത്തിയിട്ടും വിദഗ്ധ ചികില്‍സ നല്‍കാന്‍ ചികില്‍സാ കേന്ദ്രം തയ്യാറാവാത്തത് ഗുരുതരമായ തെറ്റാണെന്നും അന്വേഷണ സംഘം പറഞ്ഞു.

RELATED STORIES

Share it
Top