യുവതി ട്രെയിന്‍ തട്ടി മരിച്ച സംഭവം: ഒരാള്‍ അറസ്റ്റില്‍

ആലപ്പുഴ: പതിനേഴുകാരി ട്രെയിന്‍ തട്ടി മരിച്ച സംഭവത്തില്‍ ഒരാള്‍ അറസ്റ്റില്‍. പെണ്‍കുട്ടിയുടെ കാമുകനായ കായംകുളം എരുവ കമലാലയത്തില്‍ ഹരികൃഷ്ണനാണ്(20) അറസ്റ്റിലായത്. നവ മാധ്യമങ്ങളിലൂടെയാണ് ഇവര്‍ തമ്മില്‍ ബന്ധം ആരംഭിച്ചത്. സംഭവ ദിവസം പെണ്‍കുട്ടി തന്നെ വിളിച്ചു വരുത്തുകയായിരുന്നെന്ന് ഹരികൃഷ്ണന്‍ പോലിസിനു നല്‍കിയ മൊഴിയില്‍ പറയുന്നു.
പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടു പോയതിനും പീഡിപ്പിച്ചതിനുമാണ് പോലിസ് ഇയാള്‍ക്കെതിരേ കേസെടുത്തിട്ടുള്ളത്. പെണ്‍കുട്ടി നിരന്തരം ഫോണിലൂടെ സംസാരിക്കുന്നത് വീട്ടില്‍ ചോദ്യം ചെയ്തിരുന്നു. ഇതിനു ശേഷമാണ് തന്നെ രക്ഷിക്കണമെന്നാവശ്യപ്പെട്ട് സംഭവ ദിവസം പുലര്‍ച്ചെ യുവാവിനെ വീട്ടിലേക്കു വിളിച്ചു വരുത്തിയത്. യുവാവിനൊപ്പം ബൈക്കില്‍ കയറിപ്പോയ പെണ്‍കുട്ടിയെ പിന്നീട് ചങ്ങന്‍കുളങ്ങരയില്‍ ട്രെയിന്‍ തട്ടി മരിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. യുവാവും പെണ്‍കുട്ടിയും തമ്മില്‍ ഉണ്ടായ അസ്വാരസ്യം മരണത്തിനു കാരണമായോയെന്നും പോലിസ് അന്വേഷിക്കുന്നുണ്ട്.
സംഭവത്തില്‍ രണ്ടു പേര്‍ കൂടി പോലിസ് നിരീക്ഷണത്തിലുണ്ട്. ഓച്ചിറ എസ്‌ഐ എന്‍ ഗിരീഷ്, മഹേഷ് പിള്ള, അഡീഷനല്‍ എസ് ഐ അഷ്‌റഫ്, സി പി ഒമാരായ സന്തോഷ്, രഞ്ജിത്, ജയകൃഷ്ണന്‍, ബിനില്‍ രാജ്, സീമ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.

RELATED STORIES

Share it
Top