യുവതി കുത്തേറ്റു മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍

പെരിന്തല്‍മണ്ണ: കുടുംബ വഴക്കിനിടെ യുവതി കുത്തേറ്റ് മരിച്ച സംഭവത്തില്‍ ഭര്‍ത്താവ് അറസ്റ്റില്‍. വെട്ടത്തൂര്‍ കാര എല്‍പി സ്‌കൂളിന് സമീപത്തെ തോരക്കാട്ടില്‍ പഴംതോട്ടുങ്ങല്‍ ചന്ദ്രനെ (47)യാണ് പോലിസ് അറസ്റ്റ് ചെയ്തത്. ഒരാഴ്ച്ച മുമ്പാണ് സംഭവം. വെട്ടത്തൂരിലെ വീട്ടില്‍ വച്ച് രാത്രി 8:30 ഓടെയാണ് വാക്കുതര്‍ക്കത്തിനിടെ ഇയാളുടെ ഭാര്യ സരോജിനി (44) കുത്തേറ്റു മരിച്ചത്. വീട്ടില്‍ ബഹളം കേട്ട് സമീപവാസികള്‍ ഓടിയെത്തിയപ്പോള്‍ ഇവരെ കുത്തേറ്റ നിലയില്‍ കാണുകയായിരുന്നു.
പൊക്കിളിനു വലത് ഭാഗത്തായും വലതു കൈയിനുതാഴെയായി  മുതുകിലുമാണ് കുത്തേറ്റത്. ഓടിക്കൂടിയ നാട്ടുകാര്‍ ഉടന്‍ പെരിന്തല്‍മണ്ണയിലെ ജില്ലാ ആശുപത്രിയിലെത്തിക്കാന്‍ ശ്രമിച്ചെങ്കിലും മരിക്കുകയായിരുന്നു. പിന്നീട് പോലിസും നാട്ടുകാരും ചേര്‍ന്ന് നടത്തിയ തിരച്ചിലിലാണ് മറ്റൊരു മുറിയില്‍ ഭര്‍ത്താവ് ചന്ദ്രനെ അബോധാവസ്ഥയില്‍ കണ്ടെത്തിയത്. തുടര്‍ന്ന് ഇവരെയും ആശുപത്രിയിലെത്തിക്കുകയായിരുന്നു. ഇദ്ദേഹം, അമിത അളവില്‍ മരുന്ന് കഴിച്ചതാണ് അബോധാവസ്ഥയ്ക്ക് കാരണമായതെന്ന് പോലിസ് പറഞ്ഞു. സംഭവത്തെ തുടര്‍ന്ന് ചികില്‍സയിലായിരുന്ന ചന്ദ്രനെ മേലാറ്റൂര്‍ എസ്‌ഐ പി കെ അജിത്തിന്റെ നേതൃത്വത്തിലുള്ള സംഘം അന്വേഷണം നടത്തി അറസ്റ്റ് ചെയ്യുകയായിരുന്നു.

RELATED STORIES

Share it
Top