യുവതിയെ വിവസ്ത്രയാക്കി ആള്‍ക്കൂട്ട ആക്രമണം; 19 പേര്‍ അറസ്റ്റില്‍

ദിസ്പൂര്‍: വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ വിവസ്ത്രയാക്കി മര്‍ദിച്ച സംഭവത്തില്‍ 19 പേരെ പോലിസ് അറസ്റ്റ് ചെയ്തു. അസമിലെ കരീംഗഞ്ചില്‍ വ്യജമദ്യവില്‍പന നടത്തിയെന്നാരോപിച്ചായിരുന്നു ആളുകള്‍ യുവതിയെ മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ കാമറയില്‍ പകര്‍ത്തുകയും സോഷ്യല്‍മീഡിയയില്‍ പ്രചരിപ്പിക്കുകയും ചെയ്തിരുന്നു.
ഈ മാസം 10നാണു സംഭവം. ഒരുസംഘമാളുകള്‍ യുവതിയുടെ വീട്ടില്‍ അതിക്രമിച്ചുകയറിയശേഷം യുവതിയെ വിവസ്ത്രയാക്കി മര്‍ദിക്കുകയായിരുന്നു. യുവതിയുടെ ജനനേന്ദ്രിയങ്ങളില്‍ മുളകുപൊടി വിതറിയെന്നും പരാതിയില്‍ പറയുന്നു. കരീംഗഞ്ച് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതിയില്‍ തന്നെ അകാരണമായി ആളുകള്‍ സംഘം ചേര്‍ന്ന് മര്‍ദിച്ചതായി യുവതി കേസ് നല്‍കിയിട്ടുണ്ട്.
സംഘത്തില്‍ സ്ത്രീകളുമുണ്ടായിരുന്നതായി യുവതിയുടെ പരാതിയില്‍ പറയുന്നു. അതേസമയം, കേസില്‍ ഇതുവരെ 19 പേരെ അറസ്റ്റ് ചെയ്തു. പ്രധാന പ്രതികളെ ഉടന്‍ പിടികൂടുമെന്നും പോലിസ് പറയുന്നു. ഗ്രാമീണര്‍ യുവതി വ്യാജമദ്യം വില്‍ക്കുകയും അനാശാസ്യം നടത്തുകയും ചെയുന്നതായി ആരോപിക്കുന്നുണ്ട്. ഇതും അന്വേഷിച്ചുവരുകയാണെന്ന് പോലിസ് വ്യക്തമാക്കി.
അസമില്‍ ബിജെപി സര്‍ക്കാര്‍ അധികാരത്തില്‍ വന്നശേഷം ആള്‍ക്കൂട്ട ആക്രമണങ്ങളും കൊലപാതകങ്ങളും വര്‍ധിക്കുന്നതായി റിപോര്‍ട്ടുകളുണ്ട്. ആള്‍ക്കൂട്ട ആക്രമണങ്ങള്‍ തടയുന്നതിന് സര്‍ക്കാര്‍ കാര്യക്ഷമമായ നടപടിയൊന്നും സ്വീകരിക്കുന്നില്ലെന്നും ആക്ഷേപമുണ്ട്.

RELATED STORIES

Share it
Top