യുവതിയെ ഭീഷണിപ്പെടുത്തി മതം മാറ്റിയെന്ന കേസ് ; ആരോപണവിധേയരെ എന്‍ഐഎ ചോദ്യം ചെയ്തു

കൊച്ചി: യുവതിയെ ഭീഷണിപ്പെടുത്തി മതം മാറ്റിയെന്ന കേസില്‍ ആരോപണവിധേയരെ എന്‍ഐഎ ചോദ്യംചെയ്തു. ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിച്ച് സിറിയയിലേക്കു കടത്താന്‍ ശ്രമിച്ചെന്ന പത്തനംതിട്ട സ്വദേശിനിയുടെ പരാതിയിലാണു നടപടി. കര്‍ണാടക കലബുര്‍ഗി ജില്ലയിലെ വാണിജ്യനികുതി ഡെപ്യൂട്ടി കമ്മീഷണറായ ഇര്‍ഷാദുള്ളാഖാന്റെ ഭാര്യ ഗസല്ലയെയാണ് കൊച്ചിയില്‍ നിന്നുള്ള ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) ചോദ്യംചെയ്തത്. കേസില്‍ ആറാംപ്രതിയാണ് ഗസല്ല. ഇവര്‍ കര്‍ണാടകയില്‍ മതപഠനകേന്ദ്രം നടത്തിയിരുന്നതായി അന്വേഷണസംഘം സ്ഥിരീകരിച്ചു. ഗസല്ലയുടെ ലാപ്‌ടോപ്പ്, മൊബൈല്‍ ഫോണ്‍, സിം കാര്‍ഡുകള്‍ എന്നിവ പിടിച്ചെടുത്തിട്ടുണ്ട്. മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് ഗസല്ലയാണെന്നാണ് ആ രോപണം.
മതപരിവര്‍ത്തനത്തിനു നേതൃത്വം നല്‍കിയത് ഒരു സ്ത്രീയാണെന്നും മതപ്രഭാഷണങ്ങള്‍ ഇവര്‍ കേള്‍പ്പിച്ചിരുന്നെന്നും യുവതി പരാതിയില്‍ പറഞ്ഞിരുന്നു. ഈ സാഹചര്യത്തിലാണ് ഗസല്ലയ്‌ക്കെതിരേ നടപടി. കേസില്‍ അറസ്റ്റിലായ ഭര്‍ത്താവ് മുഹമ്മദ് റിയാസ് യുവതിയെ മതപഠനകേന്ദ്രത്തില്‍ ദിവസവും ടാക്‌സിയിലെത്തിച്ചിരുന്നു. ഒന്നരമാസത്തെ കോഴ്‌സിലൂടെയാണ് ഇവിടെ മതപഠനം നടത്തിയിരുന്നത്. യുവതി ഇര്‍ഷാദുള്ളഖാന്റെ വീട്ടില്‍ 15 ദിവസത്തോളം താമസിച്ചിട്ടുമുണ്ട്. ഗുജറാത്തി ല്‍ സ്ഥിരതാമസമാക്കിയ പത്തനംതിട്ട സ്വദേശിനി 2015ലാണ് പഠനത്തിനായി ബംഗളൂരുവിലെത്തുന്നത്. ആര്‍ടി നഗറില്‍ താമസിക്കുമ്പോള്‍ മാഹി സ്വദേശിയായ മുഹമ്മദ് റിയാസുമായി അടുപ്പത്തിലായി. പിന്നീട് യുവതി മതംമാറി റിയാസിനെ വിവാഹം കഴിച്ചു. ഇരുവരും ജിദ്ദയില്‍ ഒരുമിച്ചു താമസിക്കുന്നതിനിടെ യുവതി നാട്ടിലേക്കു മടങ്ങി. പിന്നീട് തന്നെ ഭീഷണിപ്പെടുത്തി മതംമാറ്റി വിവാഹം കഴിക്കുകയായിരുന്നുവെന്നും സൗദി അറേബ്യയിലെത്തിച്ച് സിറിയയിലേക്ക് കടത്താനുള്ള ശ്രമത്തിനിടെ താന്‍ രക്ഷപ്പെെട്ടന്നും യുവതി പരാതി നല്‍കി. പോലിസില്‍ നല്‍കിയ പരാതിയെ തുടര്‍ന്ന് നടത്തിയ അന്വേഷണം തീവ്രവാദബന്ധം കണക്കിലെടുത്ത് എന്‍ഐഎയ്ക്ക് വിടുകയായിരുന്നു. പെണ്‍കുട്ടിയുടെ ഭര്‍ത്താവ് മുഹമ്മദ് റിയാസിനെ കൂടാതെ വടക്കന്‍ പറവൂര്‍ സ്വദേശികളായ ഫയാസ് ജമാല്‍, സിയാദ് എന്നിവരെ എന്‍ഐഎ നേരത്തേ അറസ്റ്റ് ചെയ്തിരുന്നു.
ദേശീയ അന്വേഷണ ഏജന്‍സിയുടെ ദക്ഷിണേന്ത്യാവിഭാഗം ചുമതലക്കാരനും ഐജിയുമായ അലോക് മിത്തലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

RELATED STORIES

Share it
Top