യുവതിയെ കെട്ടിയിട്ട് പട്ടാപ്പകല്‍ മോഷണശ്രമം

തിരുരങ്ങാടി:  വീട്ടിനുള്ളില്‍ യുവതിയെ കെട്ടിയിട്ട് ആഭരണങ്ങളും പണവും കവരാന്‍ ശ്രമം. നന്നമ്പ്ര കുണ്ടൂരിലെ കോമല്ലൂര്‍ മച്ചിഞ്ചേരി അസൈനാറിന്റെ മകള്‍ ഫൗസിയ (24) യെയാണു രണ്ടംഗ സംഘം കെട്ടിയിട്ട് മോഷണത്തിന് ശ്രമിച്ചത്. ഇന്നലെ ഉച്ചക്ക് 12 മണിയോടെയാണു സംഭവം. ചെറുമുക്കിലേക്ക് സഹോദരിയെ വിളിക്കാന്‍ പോയതായിരുന്നു ഫൗസിയയുടെ ഉമ്മ.  വീട്ടില്‍ തനിച്ചായിരുന്ന ഫൗസിയ കുളിച്ച് അകത്തേക്ക് കയറിയതിനിടെ റോഡരികില്‍ ബൈക്ക് നിര്‍ത്തി മുഖംമറച്ചെത്തിയ രണ്ടുപേര്‍ വീടിനകത്തേക്ക് ഓടി ക്കയറുകയായിരുന്നു. ഇരുവരും ഫൗസിയയെ ബലം പ്രയോഗിച്ച് കട്ടിലില്‍ കിടത്തി കൈകള്‍ ബന്ധിക്കുകയും  ഷാള്‍കൊണ്ട് വായമൂടിക്കെട്ടുകയും ചെയ്തത്രെ. ഫൗസിയയുടെ ശരീരത്തിലുണ്ടായിരുന്ന സ്വര്‍ണ്ണമാല, വള, മോതിരം എന്നിവ കൈക്കലാക്കിയ മോഷ്ടാക്കള്‍ എമര്‍ജന്‍സി ലൈറ്റ് തെളിച്ച് അലമാര തുറന്ന് പണവും മറ്റും കവറുകളിലാക്കി സ്ഥലം വിടാനിരിക്കെ വീട്ടുകാരെത്തി. ഇതോടെ മേഷ്ടാക്കള്‍ ഓടി രക്ഷപ്പെട്ടു. സഹോദരിയും ഉമ്മയും വീട്ടില്‍ എത്തി ഫൗസിയയെ  വിളിച്ചെങ്കിലും  വിളി കേള്‍ക്കാത്തതിനെ തുടര്‍ന്ന് അകത്തുകയറിയപ്പോഴാണ് ഫൗസിയയുടെ കൈകളും, വായയും ബന്ധിക്കപ്പെട്ട് കട്ടിലില്‍ കിടക്കുന്നതായി കാണപ്പെട്ടത്. സംഭവത്തില്‍ ഒന്നും നഷ്ടപ്പെട്ടിട്ടില്ല. താനൂര്‍ പോലിസ് സ്ഥലത്തെത്തി പരിശോധന നടത്തി.

RELATED STORIES

Share it
Top