യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്നു പ്രതി

പത്തനംതിട്ട: കുമ്പസാര രഹസ്യം ചോര്‍ത്തി പീഡിപ്പിച്ചെന്ന ആരോപണമുന്നയിച്ച യുവതിയുമായുള്ള ബന്ധം പരസ്പര സമ്മതത്തോടെയെന്ന് കേസിലെ നാലാംപ്രതിയായ വൈദികന്റെ വെളിപ്പെടുത്തല്‍. ഡല്‍ഹി ഭദ്രാസനത്തിലെ ജനക്പുരി പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. ജെയ്‌സ് കെ ജോര്‍ജിന്റെ വെളിപ്പെടുത്തലില്‍ സഭാവിശ്വാസികള്‍ പ്രതിഷേധവുമായി രംഗത്തെത്തി. സുപ്രിംകോടതിയില്‍ സമര്‍പ്പിച്ച മുന്‍കൂര്‍ ജാമ്യഹരജിയിലാണ് പരസ്ത്രീ ബന്ധം ഇദ്ദേഹം സമ്മതിക്കുന്നത്.
യുവതിയുടെ കുടുംബത്തെ വര്‍ഷങ്ങളായി അറിയാം. യുവതിയുമായി പലതവണ പരസ്പരസമ്മതത്തോടെ ബന്ധത്തിലേര്‍പ്പെട്ടിട്ടുണ്ട്. ആരുടെയോ ഭീഷണിയുടെ പുറത്താണ് പീഡിപ്പിച്ചെന്ന് യുവതി മൊഴിനല്‍കിയത്. കുമ്പസാര വിഷയങ്ങള്‍ യുവതി പങ്കുവച്ചിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു.
കുമ്പസാര രഹസ്യം മറയാക്കി കേസിലെ രണ്ടാം പ്രതി ഫാ. ജോബ് മാത്യു പീഡിപ്പിച്ചെന്നാണ് യുവതിയുടെ മൊഴി. ഇതേത്തുടര്‍ന്ന് മാനസിക പിരിമുറുക്കത്തിലായതോടെ കൗണ്‍സലിങിനായി ഫാ. ജെയ്‌സിനെ സമീപിച്ചു. സംഭവിച്ച കാര്യങ്ങള്‍ ഇയാളോട് പങ്കുവച്ചു. ഇതിനുശേഷമാണ് ഇയാള്‍ ലൈംഗികചൂഷണം തുടങ്ങിയതെന്നും യുവതി മൊഴിനല്‍കിയിരുന്നു.
കേസില്‍ ഒന്നും നാലും പ്രതികളായ ഫാ. എബ്രഹാം വര്‍ഗീസ്, ഫാ. ജെയ്‌സ് കെ ജോര്‍ജ് എന്നിവരുടെ അറസ്റ്റ് സുപ്രിംകോടതി താല്‍ക്കാലികമായി വിലക്കിയിരുന്നു. ജാമ്യാപേക്ഷയില്‍ ജസ്റ്റിസ് എ കെ സിക്രി അധ്യക്ഷനായ ബെഞ്ചിന്റേതാണ് തീരുമാനം. കേസ് ഇന്ന് വീണ്ടും പരിഗണിക്കും.
അതേസമയം ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ പീഡനക്കേസില്‍ പ്രതികളായതോടെ ശക്തമായ വിമര്‍ശനവുമായി വിശ്വാസികള്‍ രംഗത്തെത്തി. 'ഓര്‍ത്തഡോക്‌സ് വിശ്വാസ സംരക്ഷകന്‍' എന്ന ഓണ്‍ലൈന്‍ പത്രത്തിലാണ് വൈദികരെ രൂക്ഷമായി വിമര്‍ശിക്കുന്നത്. അധികാരമോഹം, ആഡംബരഭ്രമം, പണത്തോടുള്ള ആര്‍ത്തി, ലൈംഗികാസക്തി എന്നീ വിലക്കപ്പെട്ട കനികളില്‍ സഭയുടെ പൗരോഹിത്യത്തിലെ പുഴുക്കുത്തുകള്‍ മുന്നേറിക്കൊണ്ടിരിക്കുന്നു. വിഷയം സഭയും വിശ്വാസികളും ഗൗരവത്തോടെ കാണണം. ആഡംബര ജീവിതത്തിനുള്ള മാര്‍ഗമായി പൗരോഹിത്യത്തെ കാണുന്ന വൈദികരെ പുറത്താക്കാന്‍ വിശ്വാസികള്‍ ഒന്നിക്കണമെന്നും ലേഖനം ആഹ്വാനം ചെയ്യുന്നു.

RELATED STORIES

Share it
Top