യുവതിയുടെ മൊഴിയില്‍ നാല് വൈദികര്‍ക്കെതിരേ കേസെടുത്തു

പത്തനംതിട്ട: മലങ്കര ഓര്‍ത്തഡോക്‌സ് സഭയിലെ വൈദികര്‍ക്കെതിരായ ലൈംഗികാരോപണത്തില്‍ പോലിസ് കേസെടുത്തു. കുമ്പസാര രഹസ്യം ചോര്‍ത്തി ലൈംഗികമായി ചൂഷണം ചെയ്തുവെന്ന യുവതിയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് നാലു വൈദികര്‍ക്കെതിരേ ബലാല്‍സംഗം ഉള്‍പ്പെടെയുള്ള കുറ്റങ്ങള്‍ ചുമത്തി ക്രൈംബ്രാഞ്ച് എഫ്‌ഐആര്‍ സമര്‍പ്പിച്ചത്. എബ്രഹാം വര്‍ഗീസ് (സോണി), ജെയ്‌സ് കെ ജോര്‍ജ്, ജോബ് മാത്യു, ജോണ്‍സണ്‍ വി മാത്യു എന്നിവരാണ് പ്രതിപ്പട്ടികയിലുള്ളത്. ഇവരുടെ അറസ്റ്റ് ഉടന്‍ ഉണ്ടായേക്കും. നിരണം, തുമ്പമണ്‍, ഡല്‍ഹി ഭദ്രാസനങ്ങളിലെ അഞ്ചു വൈദികര്‍ക്കെതിരേയാണ് പരാതി ഉയര്‍ന്നത്.
നാലുപേര്‍ക്കെതിരേ മാത്രമാണ് യുവതി മൊഴി നല്‍കിയത്. വിവാഹത്തിനു മുമ്പ് 16 വയസ്സുള്ളപ്പോഴാണ് ഫാ. എബ്രഹാം വര്‍ഗീസ് പീഡിപ്പിച്ചത്. 2009ല്‍ ഫാ. ജോബ് മാത്യുവിന് മുന്നില്‍ ഇക്കാര്യം കുമ്പസാരിച്ചു. കുമ്പസാര രഹസ്യം പുറത്തുപറയുമെന്ന് ഭീഷണിപ്പെടുത്തിയാണ് ഫാ. ജോബ് മാത്യു പീഡിപ്പിച്ചത്. ഇതേക്കുറിച്ച് പരാതി പറയാന്‍ മുന്‍ സഹപാഠിയായ ഫാ. ജെയ്‌സ് കെ ജോര്‍ജുമായി സംസാരിച്ചു. എന്നാല്‍, ജെയ്‌സ് ജോര്‍ജും തന്നെ ഉപയോഗിച്ചു. പീഡനങ്ങളെ തുടര്‍ന്ന് കൗണ്‍സലിങിനായി ജോണ്‍സണ്‍ വി മാത്യുവിന് അടുത്തെത്തി. ഇക്കാര്യങ്ങള്‍ മുതലെടുത്ത് ഫാ. ജോണ്‍സണും ശാരീരികമായി ഉപയോഗിച്ചെന്നാണ് മൊഴി. താനുമായി ബന്ധമുള്ള കാര്യം മൂന്നു വൈദികര്‍ക്കും പരസ്പരം അറിയാമായിരുന്നു. വീടുകളിലും ആഡംബര ഹോട്ടലുകളിലും വച്ചായിരുന്നു പീഡനം. ക്രൈംബ്രാഞ്ച് എസ്പി സാബു മാത്യുവിന്റെ നേതൃത്വത്തിലുള്ള മൂന്നംഗസംഘമാണ് മൊഴിയെടുത്തത്. വി എസ് അച്യുതാനന്ദന്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് ഡിജിപി ക്രൈംബ്രാഞ്ച് അന്വേഷണത്തിന് ഉത്തരവിട്ടത്.

RELATED STORIES

Share it
Top