യുവതിയുടെ മൊബൈല്‍ ഫോണ്‍ കവര്‍ന്ന ഹോംനഴ്‌സ് അറസ്റ്റില്‍

കൊച്ചി: നോര്‍ത്ത് റെയില്‍വെ സ്റ്റേഷനില്‍ നിന്നു യുവതിയുടെ മൊബൈല്‍ഫോണ്‍ കവര്‍ന്ന് സൗത്ത് റെയില്‍വെ സ്റ്റേഷനിലേക്ക് കടന്ന ഹോംനഴ്‌സ് അറസ്റ്റില്‍. തിരുവനന്തപുരം നാവായിക്കുളം സ്വദേശിനി ശോഭയാണ് (45) റെയില്‍വെ സംരക്ഷണ സേനയുടെ പിടിയിലായത്.
ഇന്നലെ പുലര്‍ച്ചെ നോര്‍ത്ത് സ്റ്റേഷനിലെ സ്ത്രീകളുടെ വിശ്രമമുറിയിലായിരുന്നു മോഷണം. ഒരു അഭിമുഖത്തില്‍ പങ്കെടുത്തു നാട്ടിലേക്കു മടങ്ങാനെത്തിയ യുവതിയുടെ 18,000 രൂപ വിലയുള്ള പുതിയ സ്മാര്‍ട്ട് ഫോണാണ് കവര്‍ന്നത്. ഫോ ണ്‍ ചാര്‍ജ് ചെയ്യാന്‍ കുത്തിയിട്ടു യുവതി ശുചിമുറിയില്‍ പോയ തക്കത്തിനു ഫോണ്‍ കൈക്കലാക്കിയ ശോഭ സ്റ്റേഷനില്‍ നിന്ന് ഓട്ടോറിക്ഷയില്‍ കയറി സൗത്ത് സ്റ്റേഷനിലെത്തി. അവിടെ നിന്നു തീവണ്ടിയില്‍ തിരുവനന്തപുരത്തു പോവുകയായിരുന്നു ഉദ്ദേശം. ശുചിമുറിയില്‍ നിന്നു മടങ്ങിയെത്തിയ യുവതി പ്ലാറ്റ്‌ഫോമിലുണ്ടായിരുന്ന ആര്‍പിഎഫിനെ മോഷണ വിവരം അറിയിച്ചു.
സ്ത്രീ സൗത്ത് സ്റ്റേഷനിലേക്കാണു പോയതെന്നു വിവരം കിട്ടയതിനെ തുടര്‍ന്ന് ആര്‍പിഎഫ് അവിടെയെത്തി. സ്റ്റേഷനിലെ ആര്‍എംഎസിനടുത്തു മൊബൈല്‍ ഫോണില്‍ നിന്ന് സിം ഇളക്കി മാറ്റിക്കൊണ്ടിരിക്കുന്നതിനിടെയാണു ശോഭയെ കസ്റ്റഡിയിലെടുത്തത്. ഒരു ഏജന്‍സിയുടെ കീഴില്‍ ഹോംനഴ്‌സായി ജോലി ചെയ്തുവരികയാണ്. പ്രതിയെ എറണാകുളം റെയില്‍വെ പോലിസിന് കൈമാറി.

RELATED STORIES

Share it
Top