യുവതിയുടെ നേരെ ആസിഡ് ആക്രമണം; ഗുരുതര പരിക്ക്

കാട്ടാക്കട: സ്‌കൂട്ടറില്‍ യാത്ര ചെയ്തു വരുകയായിരുന്ന യുവതിക്കു നേരെ ആസിഡ് ആക്രമണം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിച്ചല്‍ മന്തിക്കളം തടത്തരികത്ത് വീട്ടില്‍ മോഹനന്‍ ലില്ലിക്കുട്ടി ദമ്പതികളുടെ മകള്‍ ജീന മോഹന (23)നു നേരെയാണ് ആസിഡ് ആക്രമണം ഉണ്ടായത്. ചൊവ്വാഴ്ച വൈകീട്ട് ആറരയോടെയാണ് സംഭവം. ശരീരമാസകലം പൊള്ളലേറ്റ ജീനയെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. കുറ്റിച്ചല്‍ കോട്ടൂര്‍ റോഡി ല്‍ കരുംഭൂതത്താന്‍പാറ വളവില്‍ വച്ചാണ് ആക്രമണം. കുറ്റിച്ചിലില്‍ നിന്നു മന്തിക്കളത്തെ വീട്ടിലേക്ക് സ്‌കൂട്ടറില്‍ പോവുകയായിരുന്നു ജീന.
യുവതിയുടെ സ്‌കൂട്ടറിന് പിറകെ ബൈക്കില്‍ എത്തിയ ആള്‍ യുവതിക്ക് സമീപം ബൈക്ക് നിര്‍ത്തി ആസിഡ് ഒഴിക്കുകയായിരുന്നുവെന്ന് ദൃക്‌സാക്ഷികള്‍ പറഞ്ഞു. തല മുതല്‍ ആസിഡ് വീണു ഗുരുതര പരിക്കേറ്റ യുവതിയെ നാട്ടുകാര്‍ ഉടന്‍ കുറ്റിച്ചല്‍ ക്ലിനിക്കില്‍ എത്തിക്കുകയും തുടര്‍ന്ന് ആംബുല ന്‍സില്‍ മെഡിക്കല്‍ കോളജിലും എത്തിച്ചു. ആസിഡ് വീണ് വസ്ത്രവും ശരീരവും ഒട്ടിപ്പിടിച്ച നിലയിലായിരുന്നു. കോട്ടും കൈ ഉറകളും ഹെല്‍മെറ്റും ധരിച്ചെത്തിയ അക്രമി യുവതി നിലവിളിച്ചതോടെ കാട്ടാക്കട റോഡ് ലക്ഷ്യമാക്കി രക്ഷപ്പെട്ടു. ഇയാളെ പിടികൂടുന്നതിനായി പോലിസ് അന്വേഷണം നടത്തി വരുന്നു.ആര്യനാട് ലൂര്‍ദ് ഗിരിക്കു സമീപത്തെ സ്വകാര്യ സ്‌കൂളിലെ ടീച്ചറാണ് ജിന.
കുറ്റിച്ചലിനു സമീപത്ത് സ്‌കൂട്ടര്‍ നര്‍ത്തിയ ശേഷം ബസ്സിലാണ് സ്‌കൂളില്‍ പോവുന്നത്. പതിവുപോലെ കുറ്റിച്ചലില്‍ ബസ്സിറങ്ങറി സ്‌കൂട്ടറില്‍ പോകവെയാണ് ആക്രമണം.

RELATED STORIES

Share it
Top