യുവതിയുടെ കൊല: ഭര്‍ത്താവും സഹോദരങ്ങളും അറസ്റ്റില്‍

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ജൂഹി എന്ന യുവതിയെ വെട്ടി നുറുക്കി കാര്‍ഡ് ബോര്‍ഡ് പെട്ടിയിലാക്കി ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവും സഹോദരങ്ങളും അറസ്റ്റില്‍. ജൂണ്‍ 21ന് ഡല്‍ഹിയിലെ സരിതാ വിഹാറിലെ ആളൊഴിഞ്ഞ സ്ഥലത്തുനിന്നാണ് ഏഴ് കഷ്ണങ്ങളാക്കി മുറിച്ച നിലയില്‍ യുവതിയുടെ മൃതദേഹം കണ്ടെത്തിയത്.
ദിവസങ്ങള്‍ നീണ്ട അന്വേഷണത്തില്‍ കൊല്ലപ്പെട്ടയാളെ തിരിച്ചറിയാനോ തെളിവുകള്‍ ശേഖരിക്കാനോ പോലിസിനു സാധിച്ചിരുന്നില്ല. മൃതദേഹം സൂക്ഷിച്ച പെട്ടിയില്‍ പതിപ്പിച്ച സ്റ്റിക്കറാണ് പ്രതികളിലേക്ക് പോലിസിനെ എത്തിച്ചത്. ഗുരുഗ്രാം ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഷിപ്പിങ് കമ്പനിയുടെ പെട്ടിയിലായിരുന്നു മൃതദേഹം. തുടര്‍ന്ന് പെട്ടിയുടെ ഉടമസ്ഥനെ കണ്ടെത്താന്‍ നടത്തിയ അന്വേഷണത്തിലാണ് പോലിസിനു കൊലയാളിയെ കുറിച്ച് വിവരങ്ങള്‍ ലഭിച്ചത്. അന്വേഷണത്തില്‍ യുഎഇയില്‍നിന്ന് ജാവേദ് അക്തര്‍ എന്നയാളാണ് പെട്ടിയുടെ ഉടമസ്ഥനെന്നു കണ്ടെത്തിയ പോലിസ് ഇയാളെ സമീപിച്ചു.
ജാവേദില്‍ നിന്നു ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തില്‍ ഇയാള്‍ പെട്ടി തന്റെ ഫഌറ്റില്‍ സൂക്ഷിച്ചിരിക്കുകയാണെന്നും ഫഌറ്റ് സാജിദ് എന്നയാള്‍ക്ക് വാടകയ്ക്ക് നല്‍കിയതാണെന്നും വ്യക്തമായി. ലഭ്യമായ വിവരങ്ങളുടെ അടിസ്ഥാനത്തില്‍ പോലിസ് ഫഌറ്റില്‍ എത്തിയെങ്കിലും ഫഌറ്റ് പൂട്ടിയിരുന്നു. പിന്നീടുള്ള തിരച്ചിലില്‍ സാജിദിനെയും രണ്ട് സഹോദരങ്ങളെയും ജാമിയ നഗറില്‍ നിന്ന് അറസ്റ്റ് ചെയ്തു. പ്രതികളെ ചോദ്യം ചെയ്തപ്പോള്‍ സാജിദിന്റെ ഭാര്യ ജൂഹി(30) ആണ് കൊല്ലപ്പെട്ടതെന്ന് വെളിപ്പെട്ടു. സാജിദിനു മറ്റൊരു സ്ത്രീയുമായുണ്ടായ ബന്ധത്തെ ജൂഹി എതിര്‍ത്തതിനെ തുടര്‍ന്നാണ് അവളെ കൊലപ്പെടുത്തിയതെന്നും സാജിദ് കുറ്റസമ്മതം നടത്തി.

RELATED STORIES

Share it
Top