യുവതിക്ക് പിറകെ മുസ്‌ലിം യുവാവിനും വിഎച്ച്പി മര്‍ദനം

മീറത്ത്: സുഹൃത്തായ മുസ്‌ലിം യുവാവിന്റെ വീട് സന്ദര്‍ശിച്ചതിന് ഹിന്ദു യുവതിയെ പോലിസ് ആക്രമിക്കുന്ന വീഡിയോ പുറത്തുവന്നതിനു പിന്നാലെ പെണ്‍കുട്ടിയുമായി ബന്ധമുള്ള മുസ്‌ലിം യുവാവിനെ വിശ്വഹിന്ദു പരിഷത്ത് പ്രവര്‍ത്തകര്‍ ആക്രമിക്കുന്ന വീഡിയോയും പുറത്തുവന്നു. പോലിസ് സാന്നിധ്യത്തിലാണ് ആക്രമണം.
50 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ ഉത്തര്‍പ്രദേശിലെ മീറത്തില്‍ നിന്നുള്ളതാണ്. നീല ഷര്‍ട്ട് ധരിച്ച് വീടിനു സമീപം നില്‍ക്കുന്ന യുവാവിനു നേരെ സംഘടിച്ചെത്തിയ വിശ്വഹിന്ദു പ്രവര്‍ത്തകര്‍ ആക്രമണം അഴിച്ചുവിടുകയായിരുന്നു. ആക്രമണത്തിനിടെ ലൗജിഹാദ് ആരോപണമുന്നയിക്കുന്നതും ആക്രോശിക്കുന്നതും ദൃശ്യങ്ങളില്‍ വ്യക്തമാണ്. ഞായറാഴ്ച വിഎച്ച്പി നേതാവ് മനീഷ്‌കുമാറിന്റെ നേതൃത്വത്തിലുള്ള സംഘം യുവാവിന്റെ വീട്ടിലെത്തുകയും അവിടെയുണ്ടായിരുന്ന പെണ്‍കുട്ടിയെയും യുവാവിനെയും ആക്രമിക്കുകയുമായിരുന്നു. തുടര്‍ന്ന് ഇരുവരെയും പോലിസിനു കൈമാറി. തുടര്‍ന്ന് സ്‌റ്റേഷനിലേക്കു കൊണ്ടുപോവുന്നതിനിടെയാണ് പോലിസുകാര്‍ യുവതിയെ വാഹനത്തില്‍ വച്ച് മര്‍ദിച്ചത്. ഇതിന്റെ ദൃശ്യങ്ങള്‍ ദിവസങ്ങള്‍ക്കു മുമ്പ് പുറത്തു വന്നിരുന്നു.

RELATED STORIES

Share it
Top