യുവതികളെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസിലെ പ്രതി കീഴടങ്ങി

കോതമംഗലം: യുവതികളെ വശീകരിച്ച് തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ ഒളിവിലായിരുന്ന പ്രതി കോതമംഗലം പോലിസ് സ്‌റ്റേഷനില്‍ ഹാജരായി. ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടിയ പ്രതിയെ തെളിവെടുപ്പിന് ശേഷം വിട്ടയച്ചു. പാലാ സ്വദേശിയായ പാലക്കാട് ആലത്തൂരില്‍ താമസിക്കുന്ന കാപ്പന്‍ വീട്ടില്‍ രജിത് ജെ കാപ്പന്‍(45)ആണ് യുവതികളെ പീഡിപ്പിക്കാന്‍ ശ്രമിച്ച കേസില്‍ പ്രതിയായത്. കോതമംഗലത്തിന് സമീപം പ്രവര്‍ത്തിക്കുന്ന സ്ഥാപനത്തിന്റെ ഉടമയാണ് പ്രതിയായ രജിത് ജെ കാപ്പന്‍. കഴിഞ്ഞ ഏപ്രിലില്‍ സ്ഥാപനത്തിലെ രണ്ട് യുവതികളെ വയനാടുള്ള ഫാക്ടറിയില്‍ പരിശീലനത്തിന് കൊണ്ടുപോവാമെന്ന് പറഞ്ഞ് കാറില്‍ കയറ്റി കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ചെന്നാണ് പരാതി. യുവതികളുടെ മൊഴി പ്രകാരം 366, 354, 506 വകുപ്പുകള്‍ പ്രകാരം കോതമംഗലം പോലിസ് കേസെടുത്തു. തുടര്‍ന്ന് ഒളിവില്‍പ്പോയ പ്രതി ഹൈക്കോടതിയില്‍ നിന്ന് മുന്‍കൂര്‍ ജാമ്യം നേടുകയായിരുന്നു. പീഡനശ്രമം നടന്നുവെന്ന് പറയുന്ന ആലത്തൂരിലുള്ള പ്രതിയുടെ ഫാം ഹൗസില്‍ പ്രതിയെ എത്തിച്ച് തെളിവെടുത്തു. എന്നാല്‍ തനിക്കെതിരേയുള്ള പരാതി കെട്ടിച്ചമച്ചതാണെന്നാണ് പ്രതിയുടെ ആരോപണം.

RELATED STORIES

Share it
Top