യുവതികളെ തടയാന്‍ ബിജെപിയില്ലെന്ന് ശ്രീധരന്‍പിള്ള

തൃശൂര്‍: ശബരിമലയില്‍ എത്തുന്ന യുവതികളെ തടയാന്‍ ബിജെപി ഇല്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ പി എസ് ശ്രീധരന്‍പിള്ള. തൃശൂര്‍ പ്രസ് ക്ലബ്ബിന്റെ മീറ്റ് ദ പ്രസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. നിയമപരമായ സമരമാര്‍ഗങ്ങള്‍ മാത്രമെ പാര്‍ട്ടി സ്വീകരിക്കൂ. ശബരിമലയെ സംഘര്‍ഷഭൂമിയാക്കാന്‍ തങ്ങളില്ല. അതുകൊണ്ടാണ് കോടതി വിധിക്കെതിരേ ബിജെപി ഇന്ന് നടത്തുന്ന ഉപവാസം പത്തനംതിട്ടയിലേക്കു മാറ്റിയത്. എന്നാല്‍, സ്ത്രീപ്രവേശന വിധിക്കെതിരേ പ്രതിഷേധിക്കുന്ന വിശ്വാസികള്‍ക്ക് ബിജെപി എല്ലാ സഹായവും നല്‍കും. പാര്‍ട്ടിയുടെ നാലു ജനറല്‍ സെക്രട്ടറിമാര്‍ ഇന്ന് പമ്പയിലുണ്ടാവും. ശബരിമല ഏറ്റവും വലിയ തീര്‍ത്ഥാടന കേന്ദ്രമാണ്. അവിടത്തെ ആചാരങ്ങളും അനുഷ്ഠാനങ്ങളും സംരക്ഷിക്കപ്പെടേണ്ടതുണ്ട്. അതിനു മുന്നിട്ടിറങ്ങുന്നവരെ പാര്‍ട്ടി സംരക്ഷിക്കും. എല്ലാ മതങ്ങളുടെയും വിശ്വാസങ്ങള്‍ സംരക്ഷിക്കപ്പെടണമെന്നതാണ് ബിജെപിയുടെ നിലപാടെന്നും അദ്ദേഹം പറഞ്ഞു. സുപ്രിംകോടതി വിധിയെ മുന്‍നിര്‍ത്തി ശബരിമലയെ കലാപഭൂമിയാക്കാനാണ് സംസ്ഥാന സര്‍ക്കാര്‍ ശ്രമിക്കുന്നത്. വിശ്വാസികളുടെ വികാരത്തെ പ്രതിഫലിപ്പിച്ച് റിവ്യൂ ഹരജി നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാവണമെന്നും ശ്രീധരന്‍പിള്ള ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top