യുവജനസംഘടനകള്‍ ബീഫ്‌ഫെസ്റ്റ് സംഘടിപ്പിച്ചുതിരുവനന്തപുരം: കന്നുകാലികളെ കശാപ്പിനായി വില്‍ക്കുന്നതും മതാചാരപ്രകാരമുള്ള ബലിഅറവ് നിരോധിച്ചുകൊണ്ടുമുള്ള കേന്ദ്ര നിയമത്തിനെതിരേ രണ്ടാം ദിവസവും കേരളത്തില്‍ പ്രതിഷേധം തുടരുന്നു. യൂത്ത്‌കോണ്‍ഗ്രസ്, കോണ്‍ഗ്രസ്, ഡിവൈഎഫ്‌ഐ, എസ്എഫ്‌ഐ സംഘടനകള്‍ പ്രതിഷേധവുമായി തെരുവിലിറങ്ങി. സെക്രട്ടേറിയറ്റിന് മുന്നില്‍ ഇന്നലെ രാവിലെ നടന്ന ബീഫ് ഫെസ്റ്റ് ഡിവൈഎഫ്‌ഐ ദേശീയ ജനറല്‍ സെക്രട്ടറി പി എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്തു. ജനങ്ങളുടെ ഭക്ഷണ വിഷയത്തില്‍ കേന്ദ്രവും മോദിയും മിന്നലാക്രമണം നടത്തുന്നത് മൂന്നുകൊല്ലത്തെ ഭരണപരാജയം മറച്ചുവയ്ക്കാനാണെന്നും റിയാസ് ആരോപിച്ചു. വിവിധ ഏരിയാ തലത്തില്‍ എസ്എഫ്‌ഐയും പ്രതിഷേധം സംഘടിപ്പിച്ചു. എറണാകുളം, കൊല്ലം എന്നിവിടങ്ങളില്‍ യൂത്ത്‌കോണ്‍ഗ്രസ്സും പ്രതിഷേധവുമായി രംഗത്തിറങ്ങി. മന്ത്രി എ കെ ബാലന്‍, മന്ത്രി കെ രാജു തുടങ്ങിയവരും കേന്ദ്ര തീരുമാനത്തിനെതിരേ പ്രതികരിച്ചു. അധ്വാനശീലരായ പട്ടികജാതി, പട്ടികവര്‍ഗ ജനവിഭാഗങ്ങളുടെ ആഹാരത്തിന്റെ ഭാഗമാണ് താരതമ്യേന വില കുറച്ചു ലഭിക്കുന്ന പോഷകാഹാരമായ മാംസമെന്നും കന്നുകാലികളെ വില്‍ക്കാന്‍ പാടില്ലെന്ന കേന്ദ്ര സര്‍ക്കാരിന്റെ പുതിയ ഉത്തരവ് വലിയ തോതില്‍ ബാധിക്കുന്നത് ഈ പാവങ്ങളെയാണെന്നും മന്ത്രി എ കെ ബാലന്‍ ഫേസ്ബുക് പോസ്റ്റില്‍ അഭിപ്രായപ്പെട്ടു. ന്യൂനപക്ഷങ്ങളെ ആദ്യം ഈ വിഷയത്തില്‍ കേന്ദ്ര സര്‍ക്കാര്‍ ഭീഷണിയുടെ മുള്‍മുനയില്‍ നിര്‍ത്തി. കുടില്‍ വ്യവസായം എന്ന നിലയില്‍ തുകല്‍ വ്യവസായം ഈ ജനവിഭാഗങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കുന്നതാണ്. ഉത്തരവിലൂടെ ലക്ഷക്കണക്കിന് സാധാരണക്കാര്‍ക്ക് തൊഴിലും നഷ്ടപ്പെടാന്‍ പോവുകയാണ്. ഫലത്തില്‍ ഭക്ഷണവും, തൊഴിലും ലഭിക്കാതെ അടിസ്ഥാന ജനവിഭാഗങ്ങളും, ന്യൂനപക്ഷങ്ങളും പട്ടിണിയിലാവാന്‍ പോവുകയാണെന്നും പാവപ്പെട്ട ജനവിഭാഗങ്ങളെയോര്‍ത്ത് ഉത്തരവ് പിന്‍വലിക്കണമെന്നും മന്ത്രി ആവശ്യപ്പെട്ടു.

RELATED STORIES

Share it
Top