യുവകര്‍ഷകന്റെ 22 കോഴികളെ തെരുവുനായ്ക്കള്‍ കടിച്ചുകൊന്നു

പുല്ലാട്: തെരുവുനായ്ക്കളുടെ കൂട്ടത്തോടെയുള്ള ആക്രമണത്തെതുടര്‍ന്ന് യുവ കര്‍ഷകന്റെ 22 നാടന്‍ കോഴികള്‍ ചത്തു. പുല്ലാട് -കുളത്തുങ്കല്‍-കിഴക്കെ ഊന്നുപാറയ്ക്കല്‍ നന്ദു എന്ന പത്തൊന്‍പതുകാരന്റെ കോഴികളാണ് ഇന്നലെ രാത്രി തെരുവുനായ്ക്കളുടെ കടിയേറ്റ് ചത്തത്. പ്ലസ്ടുവും ഐടിഐയും പാസായ നന്ദു കഴിഞ്ഞ നാലുവര്‍ഷമായി കോഴികളെയും പശുക്കളെയും വളര്‍ത്തി അതിലൂടെ ലഭിക്കുന്ന വരുമാനംകൊണ്ടാണ് കുടുംബം പോറ്റിയിരുന്നത്.
നാടന്‍ കോഴികള്‍ക്കു പുറമെ, ഔഷധ ഗുണമുള്ള കരിങ്കോഴികളും, താറാവും കള്‍ക്കവും, വളര്‍ത്തുന്നുണ്ട്. ആധുനികതയുടെ മുഖം മൂടിയില്ലാതെ പഴമയുടെയും, നാട്ടറിവുകളുടെയും അടിസ്ഥാനത്തില്‍ ഈ ചെറുപ്പക്കാരന്‍ കോഴികളെയും മറ്റും വളര്‍ത്തുന്നു. സര്‍ക്കാരിന്റെയോ അനുബന്ധ സ്ഥാപനങ്ങളുടെയോ സഹായവും ലഭിച്ചിട്ടുമില്ല. പഴയ രീതിയിലുള്ള കോഴികൂടുകളിലും ടെന്റുകളിലുമാണ് കോഴികളെ വളര്‍ത്തുന്നത്. ഇന്നലെ രാത്രി കൂട്ടത്തോടെയാണ് നായ്ക്കളുടെ ആക്രമണമുണ്ടായതെന്ന് നന്ദു പറയുന്നു. ഈ രീതിയില്‍ കൃഷി ചെയ്യുന്ന ആളുകളെ സഹായിക്കാന്‍ അധികൃതര്‍ തയ്യാറാകുന്നില്ല. തെരുവുനായ്ക്കളെ പിടികൂടി വന്ധീകരിക്കുന്നതിനുള്ള ഒരു നടപടിയും തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടാവുന്നില്ലെന്ന് നാട്ടുകാര്‍ കുറ്റപ്പെടുത്തി.

RELATED STORIES

Share it
Top