യുപി: 7 വയസ്സുകാരിയെ ബലാല്‍സംഗം ചെയ്ത് കൊലപ്പെടുത്തി

ഇറ്റാ: യുപിയിലെ ഇറ്റായില്‍ കല്യാണച്ചടങ്ങിനെത്തിയ ഏഴു വയസ്സുകാരിയെ 19കാരന്‍ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തി. വിവാഹച്ചടങ്ങിന് ടെന്റുകള്‍ നിര്‍മിക്കാനെത്തിയ യുവാവാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു കൊലപ്പെടുത്തിയത്. പെണ്‍കുട്ടിയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ ഇയാളെ പോലിസ് അറസ്റ്റ് ചെയ്തു. സോനു ജാദവ് എന്ന യുവാവാണു പിടിയിലായതെന്ന് പോലിസ് അറിയിച്ചു. വിവാഹച്ചടങ്ങിനെത്തിയ പെണ്‍കുട്ടിയെ രാത്രി വിവാഹവേദിക്ക് സമീപം വച്ച് അതിക്രമത്തിനിരയാക്കി. സംഭവസമയത്ത് ഇയാള്‍ മദ്യപിച്ചിരുന്നു. ബലാല്‍സംഗത്തിനു ശേഷം കുട്ടിയുടെ കഴുത്തില്‍ കയറിട്ടു മുറുക്കിയായിരുന്നു കൊലപാതകം നടപ്പാക്കിയത്. വിവാഹവേദിക്ക് സമീപത്തെ ആളൊഴിഞ്ഞ കെട്ടിടത്തില്‍ നിന്നായിരുന്നു കുട്ടിയുടെ മൃതദേഹം കണ്ടെടുത്തതെന്നും കൃത്യം നടത്തിയ ശേഷം പ്രതി സംഭവസ്ഥലം വിട്ടതായും പോലിസ് വ്യക്തമാക്കി. കൊലപാതകത്തില്‍ പ്രതിഷേധിച്ച് പെണ്‍കുട്ടിയുടെ കുടുംബവും നാട്ടുകാരും ഇറ്റാ- ഫറൂഖാബാദ് റോഡ് ഉപരോധിച്ചു. കുടുംബത്തിന് 10 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്നും അവര്‍ ആവശ്യപ്പെട്ടു.
ഉനയില്‍ ബിജെപി എംഎല്‍എ ബലാല്‍സംഗ കേസില്‍ പെട്ടതിന് പിറകെ ഏഴു വയസ്സുകാരി കൊല്ലപ്പെട്ടത് യുപിയില്‍ രാഷ്ട്രീയ വിവാദത്തിനു വഴിവച്ചു. സംഭവം യോഗി ആദിത്യനാഥ് സര്‍ക്കാരിന്റെ പരാജയമാണെന്നാണ് പ്രതിപക്ഷ ആരോപണം. ബിജെപി അധികാരത്തിലെത്തിയ ശേഷം സംസ്ഥാനത്ത് നിയമവ്യവസ്ഥ പാടെ തകര്‍ന്നുവെന്ന് സമാജ്‌വാദി പാര്‍ട്ടി  വക്താവ് പ്രതികരിച്ചു. സംസ്ഥാനത്ത് ഇത്തരം കുറ്റകൃത്യങ്ങളുടെ പരമ്പരയാണ് അരങ്ങേറുന്നതെന്ന് കോണ്‍ഗ്രസ്സും ആരോപിച്ചു. ഇത്തരം അതിക്രമത്തിനെതിരേ സമരപരിപാടികള്‍ സംഘടിപ്പിക്കുമെന്നും പാര്‍ട്ടി അറിയിച്ചു.
എന്നാല്‍ ബിജെപി അധികാരത്തിലേറിയ ശേഷം സംസ്ഥാനത്ത് റിപോര്‍ട്ട് ചെയ്യുന്ന കുറ്റകൃത്യങ്ങളില്‍ ഗണ്യമായ കുറവ് വന്നതായി സര്‍ക്കാര്‍ വൃത്തങ്ങള്‍ പ്രതികരിച്ചു.

RELATED STORIES

Share it
Top