യുപി: വീണ്ടും ബിജെപി എംഎല്‍എയ്‌ക്കെതിരേ ബലാല്‍സംഗക്കേസ്

ബറേലി: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ ബിജെപി എംഎല്‍എ ബലാല്‍സംഗം ചെയ്തതായി പരാതി. ഉത്തര്‍പ്രദേശിലെ ബിസൗലി നിയമസഭാ മണ്ഡലത്തെ പ്രതിനിധീകരിക്കുന്ന കുശാഗ്ര സാഗറിനെതിരേയാണു 19കാരി പോലിസില്‍ പരാതി നല്‍കിയത്. സര്‍ക്കിള്‍ ഓഫിസര്‍ നീതി ദ്വിവേദിക്ക് അന്വേഷണം കൈമാറിയെന്നു ബറേലി എസ്എസ്പി കലാനിധി നെയ്താനി അറിയിച്ചു. അന്വേഷണ റിപോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ നടപടി സ്വീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
2014ല്‍ പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടി, അമ്മയോടൊത്താണ്് എംഎല്‍എയുടെ വസതിയിലെത്തിയത്. അമ്മ എംഎല്‍എയുടെ വസതിയിലെ ജോലിക്കാരിയായിരുന്നു. പീഡനം സംബന്ധിച്ചു പെണ്‍കുട്ടി നേരത്തെ പോലിസില്‍ പരാതി നല്‍കിയിരുന്നു. പ്രായപൂര്‍ത്തിയായാല്‍ എംഎല്‍എയുമായി വിവാഹം നടത്താമെന്ന് അദ്ദേഹത്തിന്റെ പിതാവ് പെണ്‍കുട്ടിക്ക് ഉറപ്പുനല്‍കിയിരുന്നു. എന്നാല്‍ ഇപ്പോള്‍ മറ്റൊരു യുവതിയെ എംഎല്‍എ വിവാഹം കഴിക്കാനൊരുങ്ങുകയാണ്. ഇക്കാര്യങ്ങളെല്ലാം പരാതിയില്‍ പറഞ്ഞിട്ടുണ്ട്.
എന്നാല്‍ യുവതിയുടെ ആരോപണം അടിസ്ഥാനരഹിതമാണെന്നാണ് കുശാഗ്ര പറയുന്നത്. നേരത്തെ ആരോപണം ഉന്നയിച്ചതില്‍ യുവതി രേഖാമൂലം മാപ്പു പറഞ്ഞുവെന്നും അതു തന്റെ കൈവശമുണ്ടെന്നും അദ്ദേഹം അവകാശപ്പെട്ടു. 20 ലക്ഷം രൂപ വാങ്ങി യുവതി ഒത്തുതീര്‍പ്പിലെത്തിയെന്ന് എംഎല്‍എയുടെ പിതാവ് അവകാശപ്പെട്ടു.
ഉന്നാവോ ജില്ലയില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിങ് സെങ്കാര്‍ ബാലികയെ ബലാല്‍സംഗം ചെയ്ത കേസില്‍ അറസ്റ്റിലായതിനു തൊട്ടുപിന്നാലെയാണ് മറ്റൊരു എംഎല്‍എ വിവാദത്തിലകപ്പെട്ടത്.

RELATED STORIES

Share it
Top