യുപി: മസ്ജിദിനു മുന്നില്‍ ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാനുള്ള നീക്കം വിവാദത്തില്‍

ലഖ്‌നോ: 350 വര്‍ഷം പഴക്കമുള്ള സംരക്ഷിത മസ്ജിദായ തീലെവാലിക്കു മുന്നില്‍ ഹിന്ദു പുരാണത്തിലെ ലക്ഷ്മണന്റെ പ്രതിമ സ്ഥാപിക്കാനുള്ള യുപി സര്‍ക്കാരിന്റെ നടപടി വിവാദത്തിലേക്ക്. മസ്ജിദിന് അഭിമുഖമായി പ്രതിമ സ്ഥാപിക്കാനുള്ള ബിജെപി സര്‍ക്കാരിന്റെ തീരുമാനമാണ് വ്യാപക പ്രതിഷേധത്തിനിടയാക്കുന്നത്. മസ്ജിദിനു തൊട്ടടുത്തായി പ്രതിമ സ്ഥാപിക്കുന്നത് പള്ളിയില്‍ നമസ്‌കാരത്തിനെത്തുന്ന വിശ്വാസികള്‍ക്ക് ബുദ്ധിമുട്ടുണ്ടാക്കുമെന്ന് പള്ളി ഇമാം ഫസലെ മന്നാന്‍ പറഞ്ഞു.
ആര്‍ക്കിയോളജിക്കല്‍ വകുപ്പിന്റെ കീഴിലുള്ള സംരക്ഷണ പ്രദേശമാണ് തീലെവാലി മസ്ജിദ് ഉള്‍പ്പെടുന്ന പ്രദേശം. ഇവിടെ പ്രതിമ സ്ഥാപിക്കുന്നതിന് പുരാതന വകുപ്പില്‍ നിന്നു പ്രത്യേക അനുമതി ആവശ്യമായിരിക്കെയാണ് വിവാദ നടപടിയുമായി ബിജെപി സര്‍ക്കാര്‍ മുന്നോട്ടുവന്നത്. പ്രതിമ സ്ഥാപിക്കുന്നതിനുള്ള പദ്ധതി മന്ത്രിസഭയുടെ പരിഗണനയിലാണെന്നാണ് റിപോര്‍ട്ട്.
മുഗള്‍ ഭരണാധികാരിയായ ഔറംഗസീബാണ് ഗോമതി നദീതീരത്ത് തന്റെ ഭരണകാലത്ത് മസ്ജിദ് നിര്‍മിച്ചത്. പ്രതിമ നിര്‍മാണം നിര്‍ത്തിവയ്ക്കാനായി ഗവര്‍ണറുമായി കൂടിക്കാഴ്ചയ്ക്ക് തീലെവാലി മസ്ജിദ് പണ്ഡിതരും മുസ്‌ലിം നേതൃത്വവും തീരുമാനിച്ചിട്ടുണ്ട്. അതേസമയം, നഗരത്തിന്റെ ചരിത്രവുമായി ബന്ധപ്പെട്ട് ലക്ഷ്മണനുള്ള പ്രാധാന്യവും ജനങ്ങളുടെ വികാരവും മാനിച്ചാണ് പ്രതിമ സ്ഥാപിക്കുന്നതെന്നാണ് ബിജെപി നേതാവ് രാംകൃഷണ്‍ യാദവിന്റെ പ്രതികരണം. ലഖ്‌നോവിനെ ലക്ഷ്മണപുരി എന്ന് പുനര്‍നാമകരണം ചെയ്യാന്‍ ആലോചനയുണ്ടെന്നും ഇതിനുള്ള പദ്ധതി വൈകാതെ സമര്‍പ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top