യുപി: പോലിസ് സ്‌റ്റേഷനും കാവിനിറം പൂശി

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ കാവിവല്‍ക്കരണം. കഴിഞ്ഞ ദിവസം ഹജ്ജ് ഹൗസിന് കാവിനിറം അടിച്ചതിനു പിന്നാലെ സംസ്ഥാന തലസ്ഥാനത്തെ 80 വര്‍ഷം പഴക്കമുള്ള പോലിസ് സ്‌റ്റേഷനും കാവിനിറം പൂശി. യൂപി മുഖ്യമന്ത്രിയായി യോഗി ആദിത്യനാഥ് അധികാരത്തിലെത്തിയത് മുതല്‍ കാവിനിറം സംസ്ഥാനത്തിന്റെ മുഖഛായയായി മാറ്റാന്‍ ശ്രമം നടക്കുകയാണ്.  ബസ്സുകള്‍, കസേരകള്‍, സ്‌കൂള്‍ ബാഗ്, തൂവാല, പുസ്തകങ്ങള്‍ തുടങ്ങിയവയിലെല്ലാം കാവിനിറം വ്യാപിപ്പിക്കുകയാണ് സര്‍ക്കാര്‍. കൈസര്‍ബാഗ് പോലിസ് സ്‌റ്റേഷന്‍ ഈ പട്ടികയിലെ ഏറ്റവും പുതിയ ഒന്നാണ്. 1939ല്‍ ആണ് ഈ പോലിസ് സ്‌റ്റേഷന്‍ നിര്‍മിതമായത്. പോലിസ് സ്‌റ്റേഷന്റെ പരാമ്പരാഗത നിറം മഞ്ഞയും ചുവപ്പുമാണ്. വാര്‍ഷിക പരിപാടിയുടെ ഭാഗമായി രണ്ടര മാസം മുമ്പാണ് നവീകരണ പ്രവൃത്തി ആരംഭിച്ചത്. തണുപ്പ്മൂലം തൊഴിലാളികള്‍ പണി നിര്‍ത്തിവച്ചതിനാല്‍ നവീകരണ പ്രവൃത്തികള്‍ പൂര്‍ത്തിയായിട്ടില്ല.  ഒക്ടോബറില്‍ മുഖ്യമന്ത്രിയുടെ ഓഫിസായ ലാല്‍ ബഹദൂര്‍ ശാസ്ത്രി ഭവന് കാവിനിറം നല്‍കിയിരുന്നു. ആദിത്യനാഥ് സംസ്ഥാനത്തിന്റെ ഭരണം ഏറ്റെടുത്തശേഷം സെക്രേട്ടറിയറ്റിനും കാവിനിറം നല്‍കിയിരുന്നു. കാവിനിറം അടിച്ച 50 ബസ്സുകള്‍ ഈയടുത്ത് ആദിത്യനാഥ് ഫഌഗ്ഓഫ് ചെയ്തിരുന്നു. മുന്‍ മുഖ്യമന്ത്രി അഖിലേഷ് യാദവിന്റെ ചിത്രം പതിപ്പിച്ചത് ഒഴിവാക്കി സര്‍ക്കാര്‍ പ്രൈമറി സ്‌കൂളുകളില്‍ കാവിനിറമുള്ള സ്‌കൂള്‍ ബാഗ് വിദ്യാഭ്യാസ വകുപ്പ് വിതരണം ചെയ്തിരുന്നു. 100 ദിവസം അടയാളപ്പെടുത്തി ആദിത്യനാഥ് സര്‍ക്കാര്‍ ആറ് മാസ കാലയളവിനുള്ളില്‍ വിതരണം ചെയ്ത ലഘുലേഖകള്‍ക്കും ഡയറികള്‍ക്കും കാവിനിറമായിരുന്നു. വിവിധ ഉദ്യോഗസ്ഥരുടെ സ്ഥാനപ്പേരു ബോര്‍ഡുകള്‍ക്കും കാവിനിറം നല്‍കി. അതേസമയം,  പ്രതിഷേധം ശക്തമായതോടെ കാവിപൂശിയ ഉത്തര്‍പ്രദേശിലെ ഹജ്ജ് ഹൗസിന് വീണ്ടും വെള്ള പെയിന്റടിച്ചു. കാവി പെയിന്റടിച്ചതിന്റെ ഉത്തരവാദിത്തം കരാറുകാരനു നല്‍കിയാണ് ഹജ്ജ് ഹൗസിന് യുപി സംസ്ഥാന സര്‍ക്കാര്‍ വീണ്ടും വെള്ള പെയിന്റ് പൂശിയത്. പെയിന്റിങ്ങിന്റെ കരാറെടുത്ത വ്യക്തിയോട് വ്യത്യസ്ത കളര്‍ ഉപയോഗിക്കണമെന്ന് നിര്‍ദേശിച്ചിരുന്നതായി യുപി സംസ്ഥാന ഹജ്ജ് കമ്മിറ്റി സെക്രട്ടറി ആര്‍ പി സിങ് പറയുന്നു. എന്നാല്‍, അയാള്‍ കാവി കളറാണ് തിരഞ്ഞെടുത്തതെന്നും സിങ് പുറത്തിറക്കിയ പത്രക്കുറിപ്പില്‍ പറയുന്നു.

RELATED STORIES

Share it
Top