യുപിയില്‍ ഹജ്ജ് ഹൗസിന് കാവി നിറം നല്‍കി യോഗി സര്‍ക്കാര്‍

ലഖ്‌നൗ: ഉത്തര്‍പ്രദേശ് ലഖ്‌നൗവിലെ ഹജ്ജ് ഹൗസിന് കാവി നിറത്തിലുള്ള പെയിന്റടിച്ച് യോഗി ആദിത്യനാഥ് സര്‍ക്കാര്‍. നേരത്തെ പച്ചയും വെള്ളയും നിറത്തിലുണ്ടായിരുന്ന ഹജ്ജ് ഹൗസിന്റെ പുറം ചുമരിനാണ് യോഗി സര്‍ക്കാര്‍ കാവി നിറം നല്‍കിയത്.വ്യാഴായ്ച്ച അര്‍ധരാത്രിയാണ് ഹജ്ജ് ഹൗസിന് കാവി നിറം അടിച്ചത്. വെള്ളിയാഴ്ച ഹജ്ജ് ഹൗസിന് അവധിയായതിനാല്‍ ഇതുസംബന്ധിച്ച ഔദ്യോഗിക പ്രതികരണങ്ങളൊന്നും പുറത്ത് വന്നിട്ടില്ല.  മുസ്‌ലീങ്ങളുടെ ആഘോഷങ്ങള്‍ക്ക് മദ്രസകള്‍ക്കു നല്‍കുന്ന അവധി വെട്ടിക്കുറക്കണമെന്ന തീരുമാനം വന്ന് രണ്ട് ദിവസത്തിനകമാണ് ഹജ്ജ് ഹൗസിന് കാവി നിറം നല്‍കി ഉത്തര്‍പ്രദേശ് സര്‍ക്കാരിന്റെ പുതിയ നടപടി.

സര്‍ക്കാരിന്റെ നടപടിക്കെതിരെ വ്യാപക പ്രതിഷേധം ഉര്‍ന്നിട്ടുണ്ട്.സംസ്ഥാനത്ത് കാവിവല്‍ക്കരണം നടപ്പാക്കുന്നതിന്റെ ഭാഗമായാണ് യോഗി സര്‍ക്കാറിന്റെ പുതിയ നീക്കമെന്ന് സമാജ്‌വാദി പാര്‍ട്ടി ആരോപിച്ചു. മതവികാരം വ്രണപ്പെടുത്താന്‍ കരുതിക്കൂട്ടിയുള്ള നീക്കമാണിതെന്ന് മുസ് ലിം സംഘടനകള്‍ പറഞ്ഞു.
യോഗി ആദിത്യനാഥ് സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഉത്തര്‍പ്രദേശിലെ പല മേഖലകളിലും കാവിവത്കരണം നടപ്പാക്കിയിരുന്നു. സെക്രട്ടറിയേറ്റ് മന്ദിരത്തിനും മുഖ്യമന്ത്രിയുടെ ഓഫീസിനും സംസ്ഥാനത്തെ ബസുകള്‍ക്കും കാവി നിറം നല്‍കിയിരുന്നു.യു.പി സര്‍ക്കാറിന്റെ പി.ആര്‍ വിഭാഗം പുറത്തിറക്കിയ നോട്ടീസുകളിലും ബുക്ക്‌ലെറ്റുകളിലും പേജുകള്‍ക്ക് കാവി നിറം നല്‍കുകയും ചെയ്തിരുന്നു. ഈ നടപടികളെല്ലാം വിവാദത്തിനിടയാക്കുകയും ചെയ്തിരുന്നു.

RELATED STORIES

Share it
Top