യുപിയില്‍ വീണ്ടും പോലിസ് ഏറ്റുമുട്ടല്‍; ഒരാള്‍ കൊല്ലപ്പെട്ടു

മീറത്ത്: ഉത്തര്‍പ്രദേശില്‍ പോലിസ് നടത്തിയ ഏറ്റുമുട്ടലില്‍ ഒരാള്‍ കൊല്ലപ്പെട്ടു. ഒരു പോലിസുകാരനു പരിക്കേറ്റു. ശനിയാഴ്ച രാത്രിയാണു സംഭവം. 50,000 രൂപ ഇനാം പ്രഖ്യാപിച്ച സുര്‍ജിത്ത് എന്നയാളാണ് കൊല്ലപ്പെട്ടതെന്ന് യുപി പോലിസ് അറിയിച്ചു.
പ്രതി സ്ഥലത്തുണ്ടെന്ന വിവരം ലഭിച്ചതിനെ തുടര്‍ന്ന് ഇയാളെ പിന്തുടരുകയായിരുന്നു. തുടര്‍ന്നുണ്ടായ ഏറ്റുമുട്ടലിലാണ് പ്രതി കൊല്ലപ്പെട്ടതെന്ന് മീറത്ത് പോലിസ് സൂപ്രണ്ട് മന്‍സില്‍ സൈനി അറിയിച്ചു.
ഒരു കുടുംബത്തിലെ മൂന്നുപേരെ കൊന്ന കേസിലെ പ്രതിയാണ് സുര്‍ജിത്ത്. മറ്റൊരാളെ കൊല്ലാന്‍ ഇയാള്‍ ശ്രമം നടത്തുന്നതിനിടെയാണ് ഏറ്റുമുട്ടല്‍ ഉണ്ടായതെന്ന് പോലിസ് വ്യക്തമാക്കി. 2016 മുതല്‍ ഇയാള്‍ക്കു വേണ്ടിയുള്ള അന്വേഷണം പോലിസ് നടത്തുകയാണ്. കൊലപാതകത്തിനു പുറമേ തട്ടിക്കൊണ്ടുപോവല്‍, പിടിച്ചുപറി തുടങ്ങിയ കേസുകളും ഇയാള്‍ക്കെതിരേ നിലവിലുണ്ട്. സംസ്ഥാനത്ത് ബിജെപി  അധികാരത്തില്‍ വന്നശേഷം നടന്ന ഏറ്റുമുട്ടലുകളില്‍ ഈ വര്‍ഷം കൊല്ലപ്പെട്ടവരുടെ എണ്ണം 40 ആയി.

RELATED STORIES

Share it
Top