യുപിയില്‍ യുവതിയെ കൂട്ടബലാല്‍സംഗത്തിന് ഇരയാക്കി, ക്ഷേത്രത്തില്‍ വെച്ച് ചുട്ടുകൊന്നുലക്‌നൗ: യുവതിയെ കൂട്ട ബലാല്‍സംഗത്തിന് ഇരയാക്കിയ ശേഷം ക്ഷേത്രത്തില്‍ വെച്ച് ചുട്ടു കൊന്നു.
ഉത്തര്‍ പ്രദേശിലെ സംബാല്‍ ജില്ലയിലെ യാഗ്യശാല ക്ഷേത്രത്തിലാണ് വീണ്ടും രാജ്യത്തെ ഞെട്ടിക്കുന്ന സംഭവമുണ്ടായത്. രാജ്പുരയ്ക്ക് അടുത്തുള്ള വീട്ടില്‍ കിടന്നുറങ്ങുകയായിരുന്ന യുവതിയെ, പുലര്‍ച്ചെ 2.30 ഓടെ എത്തിയ അക്രമി സംഘം വീട്ടില്‍ അതിക്രമിച്ച് കയറി കൂട്ടബലാല്‍സംഗത്തിന് ഇരയാക്കുകയായിരുന്നു. അഞ്ചംഗ സംഘമാണ് യുവതിയെ ആക്രമിച്ചതെന്ന് പൊലീസ് പറഞ്ഞു.
രണ്ട് കുട്ടികളോടൊപ്പമായിരുന്നു 35 കാരിയായ യുവതി കഴിഞ്ഞിരുന്നത്. ഇവരുടെ ഭര്‍ത്താവ് ഗാസിയാബാദിലായിരുന്നു ജോലി ചെയ്തിരുന്നത്. അക്രമം ഉണ്ടായപ്പോള്‍ ഇവര്‍ പൊലീസിനെ സഹായം അഭ്യര്‍ത്ഥിച്ച് വിളിച്ചെങ്കിലും ഫോണ്‍ എടുത്തില്ലെന്ന് യുവതിയുടെ ഭര്‍ത്താവ് പറഞ്ഞു. തുടര്‍ന്ന് യുവതി ഒരു ബന്ധുവിനെ വിളിച്ച് ആക്രമിക്കപ്പെട്ട കാര്യം പറഞ്ഞു.
ഇതിനിടെ അക്രമി സംഘം വീട്ടില്‍ തിരിച്ചെത്തി യുവതിയെ അടുത്തുള്ള ക്ഷേത്രത്തിലേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി കത്തിക്കുകയായിരുന്നു.  അഞ്ചംഗസംഘം തീകൊളുത്തുന്നതിന് മുമ്പും യുവതി സഹായത്തിനായി പൊലീസിനെ ഫോണ്‍ ചെയ്?തുവെങ്കിലും മറുപടി ഉണ്ടായില്ലെന്നും ഭര്‍ത്താവ് പരാതിയില്‍ ആരോപിച്ചു. അരം സിങ്, മഹാവീര്‍, ചരണ്‍ സിങ്, ഗുല്ലു, കുമാര്‍പാല്‍ എന്നിവരാണ് സംഭവത്തിന് പിന്നിലെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഇതില്‍ രണ്ട് പേര്‍ യുവതിയുടെ ഗ്രാമത്തില്‍ നിന്നുള്ളവരാണ്. യുവതിയെ ഇവര്‍ നിരന്തരമായി ശല്യം ചെയ്തിരുന്നുവെന്നും റിപ്പോര്‍ട്ടുണ്ട്. പരാതിയുടെ അടിസ്ഥാനത്തില്‍ കേസെടുത്തതായി രാജ്പുര പൊലീസ് അധികൃതര്‍ വ്യക്തമാക്കി. കേസില്‍ ഇതുവരെ ആരെയും അറസ്റ്റ് ചെയ്തിട്ടില്ല. യുവതി ബന്ധുവിനെ വിളിച്ചതിന്റെ ഓഡിയോ ക്ലിപ്പ് പുറത്തുവന്നിട്ടുണ്ട്. ഇത് പ്രതികളെ കണ്ടെത്താന്‍ സഹായിക്കുമെന്ന് എ.ഡി.ജി.പി പ്രേം പ്രകാശ് പറഞ്ഞു.

RELATED STORIES

Share it
Top