യുപിയില്‍ ഏഴിടത്ത് വെടിവയ്പ്: രണ്ട് മരണം: ഏറ്റുമുട്ടലെന്ന് പോലിസ്‌

ലഖ്‌നോ: ഉത്തര്‍പ്രദേശില്‍ നാലു ജില്ലകളിലായി ഏഴിടങ്ങളിലുണ്ടായ പോലിസ് വെടിവയ്പില്‍ രണ്ടു പിടികിട്ടാപ്പുള്ളികള്‍ കൊല്ലപ്പെട്ടു. ഏഴുപേരെ പോലിസ് അറസ്റ്റ് ചെയ്തു. ആറു പോലിസുകാര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. സഹാറന്‍പൂര്‍, ഗാസിയാബാദ്, ഗൗതംബുദ്ധ നഗര്‍, മുസഫര്‍നഗര്‍ ജില്ലകളിലാണ് ഏറ്റുമുട്ടലുകള്‍ നടന്നതെന്ന് ഡിഐജി (ക്രമസമാധാനം) പ്രവീണ്‍കുമാര്‍ അറിയിച്ചു.
പോലിസ് ഒരു ലക്ഷം രൂപ തലയ്ക്കു വിലയിട്ട ശ്രാവണ്‍ ചൗധരിയാണ് ഗൗതംബുദ്ധ നഗറില്‍ കൊല്ലപ്പെട്ടത്. ഇയാളുടെ കൂട്ടാളി രക്ഷപ്പെട്ടു. വെടിയേറ്റ ചൗധരി ആശുപത്രിയിലാണ് മരിച്ചത്. ക്രൈംബ്രാഞ്ച് ഇന്‍സ്‌പെക്ടര്‍ ബല്‍വാന്‍ സിങ്, കോണ്‍സ്റ്റബിള്‍മാരായ സത്യവീര്‍, സഞ്ജീവ് എന്നിവര്‍ക്കും പരിക്കേറ്റു.
സഹാറന്‍പൂരിലുണ്ടായ വെടിവയ്പില്‍ കുപ്രസിദ്ധ ഗുണ്ടാ സംഘാംഗം സാലിം ആണ് കൊല്ലപ്പെട്ടത്. ഇയാളുടെ തലയ്ക്കു പോലിസ് കാല്‍ ലക്ഷം രൂപ വിലയിട്ടിരുന്നതാണ്. സഹാറന്‍പൂരില്‍ ഒരു പോലിസ് സബ് ഇന്‍സ്‌പെക്ടര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. കര്‍ഷകന്റെ ഒരു ലക്ഷം രൂപയും മോട്ടോര്‍ സൈക്കിളും കവര്‍ന്നെന്ന വിവരം ലഭിച്ചതനുസരിച്ചാണ് പോലിസ് ശനിയാഴ്ച രാത്രി വൈകി സഹാറന്‍പൂരിലെ മനോഹര്‍പൂര്‍ ഗ്രാമത്തിലെത്തിയത്. മോട്ടോര്‍ ബൈക്കിലെത്തിയ കൊള്ളസംഘത്തോട് നിര്‍ത്താന്‍ ആവശ്യപ്പെട്ടെങ്കിലും അവര്‍ പോലിസിനെ വെടിവയ്ക്കുകയായിരുന്നു. പോലിസ് തിരിച്ചടിച്ചപ്പോഴാണ് സാലിം മരിച്ചത്. സംഘത്തിലെ മറ്റൊരംഗം രക്ഷപ്പെട്ടു. കൊള്ളയടിച്ച പണവും ബൈക്കും കണ്ടെടുത്തു.
നോയ്ഡയിലെ ഡാങ്കര്‍ പട്ടണത്തില്‍ നടന്ന വെടിവയ്പില്‍ രണ്ടു കുറ്റവാളികള്‍ക്കു പരിക്കേറ്റു. ഇവരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇവരുടെ രണ്ടു കൂട്ടാളികള്‍ രക്ഷപ്പെട്ടു. ഒരു ലോറി മോഷ്ടിച്ച സംഘത്തിലെ അംഗങ്ങളാണ് ഇവരെന്ന് പോലിസ് പറഞ്ഞു. അറസ്റ്റിലായവരില്‍ നിന്ന് ഒരു നാടന്‍ തോക്കും തിരകളും കണ്ടെടുത്തു. ദാദ്രിയിലുണ്ടായ മറ്റൊരു ഏറ്റുമുട്ടലില്‍ ജിതേന്ദ്ര എന്ന കുറ്റവാളിയെ പോലിസ് അറസ്റ്റ് ചെയ്തു. ഇയാളുടെ തലയ്ക്ക് പോലിസ് കാല്‍ ലക്ഷം രൂപ വിലയിട്ടിരുന്നു.
മുസഫര്‍നഗറില്‍ രണ്ടു കുറ്റവാളികള്‍ അറസ്റ്റിലായി. ഇവര്‍ക്കെതിരേ 12 ക്രിമിനല്‍ കേസുകള്‍ നിലവിലുണ്ട്. ഗാസിയാബാദിലുണ്ടായ ഏറ്റുമുട്ടലിനുശേഷം സുന്ദര്‍ എന്ന കുറ്റവാളിയെ അറസ്റ്റ് ചെയ്തു. ഇയാളുടെ തലയ്ക്കും കാല്‍ ലക്ഷം രൂപ വിലയിട്ടിരുന്നു. ഗാസിയാബാദില്‍ മറ്റൊരിടത്തുണ്ടായ ഏറ്റുമുട്ടലിനുശേഷം രാഹുല്‍ എന്ന പിടികിട്ടാപ്പുള്ളിയെയും അറസ്റ്റ് ചെയ്തു.

RELATED STORIES

Share it
Top