യുപിയില്‍ എന്‍എസ്എ മുസ്‌ലിംകള്‍ക്കെതിരായ ആയുധം; ഒരു വര്‍ഷത്തിനിടെ അറസ്റ്റ് ചെയ്തത് 160 പേരെ

ന്യൂഡല്‍ഹി: യോഗി സര്‍ക്കാര്‍ ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍ ഒരുവര്‍ഷത്തിനിടെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റിലായത് 160 പേര്‍. മുസ്്‌ലിംകളെയും രാഷ്ട്രീയ എതിരാളികളെയും നിശ്ശബ്ദരാക്കുകയെന്ന ലക്ഷ്യത്തോടെയാണ് ദേശസുരക്ഷാ നിയമം വ്യാപകമായി ഉപയോഗിച്ചിരിക്കുന്നത്. മുസ്്‌ലിം യുവാക്കള്‍ക്കു പുറമേ ഈ നിയമപ്രകാരം ജയിലിലടച്ചിരിക്കുന്നവരില്‍ ഭീം ആര്‍മി നേതാവ് ചന്ദ്രശേഖര്‍ ആസാദും ഉള്‍പ്പെടും. ഹിന്ദുത്വസംഘടനകള്‍ നടത്തിയ വര്‍ഗീയകലാപങ്ങളിലും മുസ്‌ലിംകള്‍ക്കെതിരേ മാത്രമാണ് ദേശസുരക്ഷാ നിയമപ്രകാരം കേസെടുത്തത്.
കേന്ദ്ര ആഭ്യന്തരമന്ത്രാലയം പാര്‍ലമെന്റില്‍ വച്ച റിപോര്‍ട്ട് പ്രകാരം രാജ്യത്ത് ഏറ്റവും കൂടുതല്‍ വര്‍ഗീയകലാപങ്ങളും അതുമായി ബന്ധപ്പെട്ട മരണങ്ങളുമുണ്ടാവുന്ന സംസ്ഥാനമാണ് ഉത്തര്‍പ്രദേശ്. 2017ല്‍ മാത്രം വര്‍ഗീയകലാപങ്ങളില്‍ 44 പേര്‍ കൊല്ലപ്പെടുകയും 540 പേര്‍ക്കു പരിക്കേല്‍ക്കുകയും ചെയ്‌തെന്ന് റിപോര്‍ട്ട് ചൂണ്ടിക്കാട്ടിയിരുന്നു. അധികാരത്തില്‍ വന്നശേഷം വര്‍ഗീയകലാപങ്ങളുണ്ടായിട്ടില്ലെന്ന് യോഗി സര്‍ക്കാര്‍ അവകാശവാദമുന്നയിച്ച് ദിവസങ്ങള്‍ക്കകമാണ് കേന്ദ്ര ആഭ്യന്തരമന്ത്രാലയത്തിന്റെ റിപോര്‍ട്ട് പുറത്തുവന്നത്. 2018 ജനുവരി 16ന് സര്‍ക്കാര്‍ പുറത്തിറക്കിയ പത്രക്കുറിപ്പില്‍ 160 പേരെ ദേശസുരക്ഷാ നിയമപ്രകാരം അറസ്റ്റ് ചെയ്തത് യോഗി സര്‍ക്കാര്‍ നേട്ടമായി അവകാശപ്പെട്ടിരുന്നു. അതോടൊപ്പം 10 മാസത്തിനുള്ളില്‍ 1,200 പോലിസ് ഏറ്റുമുട്ടലുകളും നടന്നു.
ദേശസുരക്ഷാ നിയമപ്രകാരം കാരണമൊന്നും പറയാതെ തന്നെ ഒരാളെ പോലിസുകാര്‍ക്ക് 10 ദിവസം കസ്റ്റഡിയില്‍ വയ്ക്കാം. ഈ സമയത്ത് അഭിഭാഷകരുമായിപ്പോലും സംസാരിക്കാന്‍ അനുമതിയില്ല. അതോടൊപ്പം 12 മാസം വരെ കാര്യമായ കുറ്റമൊന്നും ചുമത്താതെ തന്നെ ജയിലില്‍ പാര്‍പ്പിക്കാനും സാധിക്കും.
കഴിഞ്ഞ ഒക്ടോബറില്‍ കാണ്‍പൂരിലെ റാവത്പുരയിലും ജൂഹി പരംപൂര്‍വയെന്ന ഗലിയിലും വര്‍ഗീയസംഘര്‍ഷമുണ്ടായി. മുഹര്‍റവുമായി ബന്ധപ്പെട്ട ചടങ്ങുകള്‍ ഹിന്ദുത്വസംഘടനകള്‍ തടഞ്ഞതോടെയായിരുന്നു സംഘര്‍ഷം. രണ്ടു സംഭവങ്ങളിലും മുസ്‌ലിംകള്‍ മാത്രമാണ് അറസ്റ്റിലായത്. ജൂഹി പരംപൂര്‍വയില്‍ മുസ്്‌ലിംകളും ദലിതുകളും താമസിക്കുന്ന കോളനി ഹിന്ദുത്വസംഘടനകള്‍ കത്തിച്ചു. 57 പേരെ കസ്റ്റഡിയിലെടുത്ത പോലിസ് അതില്‍ നാലു മുസ്്‌ലിംകള്‍ക്കെതിരേ ദേശസുരക്ഷാക്കുറ്റം ചുമത്തി. മറ്റു കലാപങ്ങളിലും മുസ്്‌ലിംകള്‍ മാത്രമായിരുന്നു ദേശസുരക്ഷാനിയമത്തിന്റെ ഇരകള്‍.

RELATED STORIES

Share it
Top