യുപിഎസ് ഇല്ല; ഹൈടെക് ക്ലാസ്മുറികളുടെ പ്രവര്‍ത്തനം അവതാളത്തില്‍

പാലക്കാട്: ജില്ലയില്‍ പൊതുവിദ്യാഭ്യാസ സംരക്ഷണത്തിന്റെ ഭാഗമായി നടപ്പാക്കിയ ഹൈടെക് ക്ലാസ് മുറികളില്‍ യുപിഎസ് സംവിധാനം സജ്ജീകരിക്കാത്തത് പ്രവര്‍ത്തനത്തെ ബാധിക്കുന്നു. ജില്ലയിലെ സര്‍ക്കാര്‍ എയ്ഡഡ് മേഖലയിലെ 224 വിദ്യാലയളിലാണ് ഹൈടെക് ക്ലാസ് മുറി സംവിധാനിക്കാന്‍ സഹായം അനുവദിച്ചിരുന്നത്.
എട്ടുമുതല്‍ 12 വരെയുള്ള ക്ലാസ്സുകളിലാണ് ഈ വര്‍ഷം ഹൈടെക് ആക്കി മാറ്റിയിരിക്കുന്നത്. മള്‍ട്ടി മീഡിയം പ്രൊജക്ടര്‍, ലാപ്‌ടോപ്പ്, സ്പീക്കര്‍, സ്‌ക്രീന്‍ എന്നിവയാണ് ഓരോ ക്ലാസ്സുകളിലും നല്‍കിയിരിക്കുന്നത്.
വിദ്യാഭ്യാസ വകുപ്പിന്റെ കീഴിലെ കേരള ഇന്‍ഫ്രാസ്‌ട്രെക്ച്ചര്‍ ആന്‍ഡ് ടെക്‌നോളജി എജ്യുക്കേഷന്‍ (കൈറ്റ്) വഴിയാണു പദ്ധതി നടപ്പാക്കുന്നത്. എന്നാല്‍ സ്മാര്‍ട്ട ക്ലാസുകളിലെ പ്രൊജക്ടര്‍ പ്രവര്‍ത്തിക്കാനുള്ള ബാറ്ററി (യുപിഎസ്) സംവിധാനമില്ലാത്തതിനാല്‍ പല വിദ്യാലയങ്ങളിലും ഹൈടെക് ക്ലാസുകള്‍ നോക്കുകുത്തിയായി മാറുമെന്നാണ് അധ്യാപകര്‍ പറയുന്നത്.
ഒരു ക്ലാസ് മുറിക്കായിഏകദേശം ഒരു ലക്ഷം രൂപയാണ് ചെലവഴിച്ചിരിക്കുന്നത്. യുപിഎസ് സംവിധാനമില്ലാത്തതിനാല്‍ പല വിദ്യാലയങ്ങളിലും വൈദ്യുതി നേരിട്ട് നല്‍കിയിരിക്കുകയാണ്. സ്വന്തമായി യുപിഎസ് സംവിധാനം ഒരുക്കാന്‍ കഴിയാത്ത സ്‌കൂളുകളില്‍ എന്തുചെയ്യണമെന്നറിയാത്ത സ്ഥിതിയാണിപ്പോള്‍. വൈദ്യുതി തടസ്സം പതിവായ പ്രദേശങ്ങളില്‍ ബാറ്ററിയില്ലാത്തതിനാല്‍ അധ്യാപകര്‍ ആശങ്കയിലാണ്.

RELATED STORIES

Share it
Top