യുനസ്‌കോ ദോഹ ഓഫിസിലെ ക്രമക്കേടുകള്‍ അന്വേഷിച്ചു

ദോഹ: ദോഹയിലെ യുനസ്‌കോ ഓഫിസില്‍ സാമ്പത്തിക, നിയമന ക്രമക്കേടുകള്‍ നടന്നതായ റിപോര്‍ട്ടിനെക്കുറിച്ച് അന്വേഷിക്കാന്‍ പാരിസ് കേന്ദ്രമായുള്ള യുനസ്‌കോ കഴിഞ്ഞയാഴ്ച രണ്ടംഗ സമിതിയെ ഖത്തറിലേക്ക് അയച്ചതായി പ്രാദേശിക അറബി പത്രം റിപോര്‍ട്ട് ചെയ്തു. ഒരു അറബ് വംശജനും ഇന്ത്യക്കാരനുമടങ്ങുന്ന അന്വേഷണ ഉദ്യോഗസ്ഥരാണ് ദോഹയിലെത്തിയത്.
യുനസ്‌കോയിലെ അടുത്ത വൃത്തങ്ങളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ പ്രാദേശിക അറബി പത്രമാണ് ഓഫിസില്‍ നടക്കുന്ന തിരിമറികളെക്കുറിച്ച് മാര്‍ച്ച് ആദ്യം വാര്‍ത്ത പുറത്തുവിട്ടിരുന്നത്. ഇതിന്റെ അടിസ്ഥാനത്തില്‍ യുനസ്‌കോ രൂപീകരിച്ച അന്വേഷണ ഉദ്യോഗസ്ഥര്‍ മുന്നറിയിപ്പ് കൂടാതെ ദോഹ ഓഫിസ് സന്ദര്‍ശിക്കുകയും ജീവനക്കാരില്‍ നിന്ന് തെളിവുകള്‍ ശേഖരിക്കുകയുമായിരുന്നുവെന്ന് യുനസ്‌കോ അധികൃതര്‍ വ്യക്തമാക്കി.
പാരിസ് ആസ്ഥാനത്തുനിന്നുള്ള നിര്‍ദേശത്തെത്തുടര്‍ന്ന് ദോഹ ഓഫിസ് ഒരാഴ്ച മുമ്പ് ജീവനക്കാരുടെ അടിയന്തര യോഗം വിളിച്ചുചേര്‍ക്കുകയും അന്വേഷണ ഉദ്യോഗസ്ഥര്‍ അപ്രതീക്ഷിതമായി അതില്‍ പങ്കെടുക്കുകയുമായിരുന്നു.
ഓഫിസ് ഡയറക്ടറുടെ സ്വാഗത പ്രസംഗത്തില്‍ ക്രമക്കേടിനെക്കുറിച്ചുള്ള യാതൊരു സൂചനയും ഉണ്ടായിരുന്നില്ല. എന്നാല്‍, അന്വേഷണ ഉദ്യോഗസ്ഥരിലൊരാള്‍ തങ്ങളുടെ സന്ദര്‍ശനോദ്ദേശ്യം ജീവനക്കാരെ ബോധ്യപ്പെടുത്തുകയായിരുന്നു.
മുന്‍കൂര്‍ നോട്ടീസ് നല്‍കാതെയുള്ള ഉദ്യോഗസ്ഥരുടെ സന്ദര്‍ശനത്തില്‍ ദോഹ ഓഫിസ് അധികൃതര്‍ അസ്വസ്ഥരായിരുന്നതായി പത്രം റിപോര്‍ട്ട് ചെയ്തു.
ഓഫിസ് ഡയറക്ടറില്‍ നിന്നാണ് അന്വേഷണ സമിതി ആദ്യമായി തെളിവെടുപ്പ് നടത്തിയത്. ഓഫിസ് പ്രവര്‍ത്തനത്തിന്റെ രീതിയും ജീവനക്കാരുടെ നിയമനത്തെക്കുറിച്ചും ഡയറക്ടറോട് ചോദിച്ചറിഞ്ഞു. അതിനു ശേഷം ഓഫിസിലെ സീനിയര്‍ സ്റ്റാഫില്‍ നിന്ന് വിവരങ്ങള്‍ ശേഖരിച്ചു. ഓഫിസ് ഡയറക്ടറുടെ ജീവനക്കാരോടുള്ള പെരുമാറ്റത്തെക്കുറിച്ചും തൊഴിലാളികളെ നിയമിക്കുന്നതിനെക്കുറിച്ചും ശമ്പളം നല്‍കുന്നതിനെക്കുറിച്ചുമാണ് അന്വേഷണ സംഘം കൂടുതലായി ചോദിച്ചറിഞ്ഞത്.
വിശദമായ അന്വേഷണത്തിനു ശേഷം കഴിഞ്ഞ വെള്ളിയാഴ്ച രാവിലെ സംഘം ദോഹയില്‍ നിന്ന് മടങ്ങി. ഈ മാസം അവസാനത്തോടെ അന്വേഷണ റിപോര്‍ട്ട് യുനസ്‌കോ ഡയറക്ടര്‍ ജനറലിനു സമര്‍പ്പിക്കുമെന്ന് അന്വേഷണ സമിതി വ്യക്തമാക്കി. ഗള്‍ഫ് രാജ്യങ്ങളും യമനും ഉള്‍പ്പെടുന്നതാണ് യുനസ്‌കോയുടെ ദോഹ ഓഫിസ്.

RELATED STORIES

Share it
Top