യുദ്ധത്തിനു തയ്യാര്‍; സമാധാനത്തിന് ഊന്നല്‍: പാക്‌സൈന്യം

ഇസ്‌ലാമാബാദ്: ഒരു യുദ്ധത്തിനു തയ്യാറാണെന്നും പക്ഷേ പാകിസ്താനിലെ ജനങ്ങളുടെയും അയല്‍രാജ്യങ്ങളുടെയും താല്‍പര്യങ്ങളെ മാനിച്ച് സമാധാനത്തിന്റെ പാതയാണു സഞ്ചരിക്കാന്‍ തിരഞ്ഞെടുക്കുന്നതെന്നും പാകിസ്താന്‍ സൈനിക വക്താവ്‌മേജര്‍ ജനറല്‍ ആസിഫ് ഗഫൂര്‍ സ്വകാര്യ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. പാകിസ്താനെതിരേ കഴിഞ്ഞദിവസം രൂക്ഷവിമര്‍ശനവുമായി ഇന്ത്യന്‍ കരസേനാ മേധാവി ബിപിന്‍ റാവത്ത് രംഗത്തെത്തിയിരുന്നു. ഇതിനു മറുപടിയെന്ന നിലയിലാണു ആസിഫ് ഗഫൂറിന്റെ പ്രതികരണം.
കഴിഞ്ഞ രണ്ടു ദശകങ്ങളായി സമാധാനത്തിനായുള്ള പോരാട്ടത്തിലായിരുന്നു തങ്ങള്‍. ഏതെങ്കിലും സൈനികനെ അപമാനിക്കും വിധം ഒരു നടപടികളും തങ്ങളുടെ ഭാഗത്തു നിന്നുണ്ടാവില്ലെന്ന് ബിഎസ്എഫ് സൈനികന്‍ കൊല്ലപ്പെട്ട സംഭവത്തില്‍ പാകിസ്താന്‍ സൈനികരാണ് ഉത്തരവാദികളെന്ന ഇന്ത്യയുടെ ആരോപണത്തെ തള്ളി പാക് സൈനിക മേധാവി പറഞ്ഞു.
കഴിഞ്ഞദിവസം സായുധര്‍ മൂന്ന് പോലിസുകാരെ തട്ടിക്കൊണ്ടു പോയി കൊലപ്പെടുത്തിയ സംഭവത്തിലാണു പാകിസ്താനെതിരേ വിമര്‍ശനവുമായി ഇന്ത്യന്‍ കരസേനാ മേധാവി ജനറല്‍ ബിപിന്‍ റാവത്ത് രംഗത്തെത്തിയത്.
പാകിസ്താന്‍ സൈന്യവും തീവ്രവാദികളും പ്രചരിപ്പിക്കുന്ന പ്രാകൃത നടപടികള്‍ക്കുള്ള മറുപടി നല്‍കുന്നതിനുള്ള അനുയോജ്യ സമയമാണിതെന്നുമാണ് അദ്ദേഹം പ്രതികരിച്ചത്.

RELATED STORIES

Share it
Top