യുദ്ധം ജൂതന്‍മാര്‍ക്കെതിരേയല്ല ; സയണിസ്റ്റുകള്‍ക്കെതിരേദോഹ: 1967ലെ അതിര്‍ത്തിപ്രകാരമുള്ള ഫലസ്തീന്‍ രാഷ്ട്രത്തെ അംഗീകരിക്കുന്ന പുതിയ രാഷ്ട്രീയ നയവുമായി ഹമാസ്. 1967ലെ അതിര്‍ത്തിപ്രകാരം ഫലസ്തീന്‍ രാഷ്ട്രം നിലനില്‍ക്കുന്നുണ്ടെന്നും ഇസ്രായേലിനെ അംഗീകരിക്കുന്നില്ലെന്നും ഹമാസ് നേതാവ് ഖാലിദ് മിശ്അല്‍ പ്രഖ്യാപിച്ചു. ഖത്തര്‍ തലസ്ഥാനമായ ദോഹയിലാണ് ഹമാസ് രാഷ്ട്രീയ നേതൃത്വം നിലപാട് വ്യക്തമാക്കിയത്. ഫലസ്തീനില്‍ നിലനില്‍ക്കുന്നത് മതപരമായ സംഘര്‍ഷമല്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീന്‍ പ്രശ്‌നത്തില്‍ ഹമാസിന്റെ മുന്‍ നിലപാടുകളിലൂന്നി തന്നെയാണ് പുതിയ നിലപാടും. 1967ല്‍ യുദ്ധത്തിലൂടെ ഇസ്രായേല്‍ കൈയേറിയ കിഴക്കന്‍ ജറുസലേം, വെസ്റ്റ്ബാങ്ക്, ഗസ എന്നിവകൂടി ഉള്‍ക്കൊള്ളുന്നതാണ് ഫലസ്തീന്‍ രാഷ്ട്രം. ഇസ്രായേല്‍ രാഷ്ട്രം നിലനില്‍ക്കുന്നില്ല. ഹമാസിന്റെ പോരാട്ടം യഹൂദര്‍ക്കെതിരേയല്ലെന്നും അധിനിവേശത്തിലൂടെ ഫലസ്തീനികളെ ആട്ടിയോടിക്കുന്ന സയണിസ്റ്റുകള്‍ക്കെതിരാണെന്നും അദ്ദേഹം വ്യക്തമാക്കി. ഫലസ്തീനെ പൂര്‍ണമായും മോചിപ്പിക്കുന്നതല്ലാത്ത ഒരു ആശയത്തെയും ഹമാസ് അംഗീകരിക്കില്ല. 1967 ജൂണ്‍ 4 പ്രകാരം ജറുസലേം തലസ്ഥാനമായുള്ള ഫലസ്തീന്‍ രാഷ്ട്രത്തെയാണ് ഹമാസ് അംഗീകരിക്കുന്നത്. അഭയാര്‍ഥികളെ സ്വദേശത്തേക്ക് മടങ്ങാന്‍ അനുവദിക്കുന്ന സംവിധാനത്തെ മാത്രമേ അംഗീകരിക്കു. അധിനിവേശത്തെ പ്രതിരോധിക്കാന്‍ എല്ലാ മാര്‍ഗങ്ങളും സ്വീകരിക്കും. ഫലസ്തീന്‍ ജനതയുടെ അവകാശങ്ങള്‍ വീണ്ടെടുക്കുന്നതിനും അടിസ്ഥാനങ്ങള്‍ സംരക്ഷിക്കുന്നതിനുമുള്ള സായുധ ചെറുത്തുനില്‍പ്പ് അതില്‍ പ്രധാനമാണെന്നും ഹമാസ് രേഖ വ്യക്തമാക്കുന്നു. ഇസ്രായേലുമായി നേരിട്ട് ചര്‍ച്ച നടത്തില്ലെന്നും മിശ്അല്‍ വ്യക്തമാക്കി. അതേസമയം, ലോകത്തെ തെറ്റിദ്ധരിപ്പിക്കാനും വഞ്ചിക്കാനുമാണ് ഹമാസ് കഴിഞ്ഞ ദിവസം പുറത്തുവിട്ട അതിന്റെ നയരേഖയിലൂടെ ശ്രമിക്കുന്നതെന്നും ഇസ്രായേല്‍ പ്രധാനമന്ത്രി ബെഞ്ചമിന്‍ നെതന്യാഹു പറഞ്ഞു.

RELATED STORIES

Share it
Top