യുഡിഎഫ് വിട്ടു; ജെഡിയു ഇനി ഇടതു ബെഞ്ചില്‍

തിരുവനന്തപുരം: യുഡിഎഫുമായുള്ള ബന്ധം അവസാനിപ്പിച്ച് ഇടതുപാളയത്തിലേക്ക് തിരിച്ചെത്താന്‍ ജെഡിയു തീരുമാനം. തിരുവനന്തപുരത്ത് സംസ്ഥാന കൗണ്‍സില്‍ യോഗത്തിനുശേഷം വാര്‍ത്താസമ്മേളനത്തില്‍ സംസ്ഥാന അധ്യക്ഷന്‍ എം പി വീരേന്ദ്രകുമാറാണ് യുഡിഎഫ് വിടുന്നുവെന്ന പ്രഖ്യാപനം നടത്തിയത്. യുഡിഎഫ് വിടാനുള്ള നിര്‍ണായക തീരുമാനം കഴിഞ്ഞദിവസം ചേര്‍ന്ന സംസ്ഥാന സെക്രട്ടേറിയറ്റ് എടുത്തിരുന്നു. ഇന്നലെ വൈകീട്ട് ചേര്‍ന്ന കൗണ്‍സില്‍ യോഗം ഇടതിനൊപ്പം പോവാനുള്ള പ്രമേയത്തിന് അംഗീകാരം നല്‍കി. ജെഡിയുവിന്റെ തീരുമാനത്തെ സിപിഎം സംസ്ഥാന സെക്രട്ടറി സ്വാഗതം ചെയ്തപ്പോള്‍ രാഷ്ട്രീയ വഞ്ചനയെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പ്രതികരിച്ചു. വീരേന്ദ്രകുമാറിന്റെ അധികാരക്കൊതിയാണ് മുന്നണി മാറ്റത്തിന് പിന്നിലെന്ന് യുഡിഎഫ് കണ്‍വീനര്‍ പി പി തങ്കച്ചനും വിമര്‍ശിച്ചു. ഏറെനാള്‍ നീണ്ടുനിന്ന അനിശ്ചിതത്വത്തിന് ഒടുവില്‍ എട്ടുവര്‍ഷങ്ങള്‍ക്ക് ശേഷമാണ് ജെഡിയു ഇടതുപാളയത്തിലേക്ക് മടങ്ങുന്നത്. യുഡിഎഫില്‍ വന്നതിലൂടെ പാര്‍ട്ടിയുടെ രാഷ്ട്രീയ അടിത്തറ തകര്‍ന്നെന്ന് എം പി വീരേന്ദ്രകുമാര്‍ സംസ്ഥാന കൗണ്‍സിലില്‍ വ്യക്തമാക്കി. ലോക്‌സഭാ, നിയമസഭാ സീറ്റുകള്‍ നഷ്ടപ്പെട്ടു. പാലക്കാട് പാര്‍ലമെന്റ് സീറ്റും 6 നിയസമഭാ സീറ്റുകളും വലിയ മാര്‍ജിനില്‍ തോറ്റു.
ഒരിടത്തും മുന്നണിയുടെ സഹായമുണ്ടായില്ല. സഹകരണ ബാങ്കുകളില്‍ വിജയിച്ചത് പോലും എല്‍ഡിഎഫ് സഹായത്തോടെയാണ്. എന്നാല്‍, ജെഡിയു വന്നതോടെ യുഡിഎഫിന് ഗുണമുണ്ടായി. വടകര, കോഴിക്കോട് സീറ്റുകള്‍ വിജയിച്ചു. പല നിയമസഭാ സീറ്റുകളും അനുകൂലമായി. യുഡിഎഫില്‍ നിന്ന് രക്ഷപ്പെടാനുള്ള സാധ്യതയാണ് തേടുന്നതെന്നും അദ്ദേഹം കൗണ്‍സിലില്‍ പറഞ്ഞു.
പാര്‍ട്ടി ഇനി എല്‍ഡിഎഫുമായി സഹകരിക്കുമെന്ന് യോഗത്തിനുശേഷം എംപി വീരേന്ദ്രകുമാര്‍ മാധ്യമങ്ങളോട് പറഞ്ഞു. തീരുമാനം പാര്‍ട്ടിയംഗങ്ങള്‍ ഐകകണ്‌ഠ്യേനയെടുത്തതാണ്. ജനതാദള്‍-യുവിന്റെ രാഷ്ട്രീയ വിശ്വാസം എല്‍ഡിഎഫുമായി ചേര്‍ന്നുപോവുന്നതാണ്. യുഡിഎഫിനോട് ഞങ്ങള്‍ നന്ദികേട് കാണിച്ചിട്ടില്ല. ഞങ്ങളെ ഒപ്പം കൂട്ടിയിട്ട് അവര്‍ക്ക് പുരോഗതിയേ ഉണ്ടായിട്ടുള്ളൂ. കോഴിക്കോട് യുഡിഎഫിന് ഒമ്പതു പഞ്ചായത്തില്‍ നിന്നും 36 പഞ്ചായത്തില്‍ നേട്ടമുണ്ടാക്കി നല്‍കാന്‍ ജെഡിയുവിനായി. എന്നാല്‍, ഞങ്ങള്‍ ഒന്നിലേക്ക് ചുരുങ്ങി. മുന്നണിമാറ്റത്തെ സംസ്ഥാന സെക്രേട്ടറിയറ്റില്‍ ഒരാളും നിര്‍വാഹകസമിതിയില്‍ മൂന്നുപേരും മാത്രമാണ് എതിര്‍ത്തതെന്നും വീരേന്ദ്രകുമാര്‍ പറഞ്ഞു. സംഘപരിവാര ഭരണത്തില്‍ എല്ലാവരുടെയും സ്വകാര്യ ജീവിതം നഷ്ടപ്പെട്ടിരിക്കുന്നു. ഈ സാഹചര്യത്തില്‍ ഇടതുപക്ഷ പ്രസ്ഥാനങ്ങള്‍ പോരാടേണ്ടതുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
അതേസമയം, മുന്നണി വിടുന്നതിനു മുമ്പ് ജെഡിയു സാമാന്യ മര്യാദ കാണിച്ചില്ലെന്ന് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. ഫോണ്‍ ചെയ്തുപോലും അറിയിച്ചില്ലെന്നും ചെന്നിത്തല കുറ്റപ്പെടുത്തി. വിവരം അറിഞ്ഞത് മാധ്യമങ്ങളിലൂടെയാണ്. എന്ത്  നഷ്ടമാണ് യുഡിഫില്‍ നിന്നപ്പോള്‍ ഉണ്ടായതെന്നു വീരേന്ദ്രകുമാര്‍ വ്യക്തമാക്കിയില്ല. ചവിട്ടിപുറത്താക്കിയപ്പോള്‍ അഭയം നല്‍കിയതിനുള്ള ശിക്ഷയാണ് ഇപ്പോള്‍ കിട്ടിയത്. എല്‍ഡിഎഫുമായി ചേര്‍ന്ന് രഹസ്യബാന്ധവം ഉണ്ടാക്കുകയായിരുന്നു. വഞ്ചിയില്‍ ഇരുന്നു വഞ്ചി തുരക്കാന്‍ ശ്രമിക്കുന്നവര്‍ പോവുന്നതാണ് നല്ലതെന്നും ചെന്നിത്തല പറഞ്ഞു.

RELATED STORIES

Share it
Top