യുഡിഎഫ് പ്രതിനിധിസംഘം കീഴാറ്റൂര്‍ സന്ദര്‍ശിച്ചു

തളിപ്പറമ്പ്: ഏക്കര്‍ കണക്കിനു നെല്‍വയല്‍ നികത്തി ബൈപാസ് റോഡ് നിര്‍മിക്കുന്നതിനെതിരേ വയല്‍ക്കിളി കര്‍ഷക കൂട്ടായ്മ നടത്തിവരുന്ന സമരത്തിനു പിന്തുണ പ്രഖ്യാപിച്ചതിനു പിന്നാലെ യുഡിഎഫ് നേതാക്കള്‍ കീഴാറ്റൂര്‍ വയലിലെത്തി. പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല ഉള്‍പ്പെടുന്ന ഉന്നതതല പ്രതിനിധിസംഘമാണ് കീഴാറ്റൂര്‍ വയല്‍ സന്ദര്‍ശിച്ച് സമരസമിതി നേതാക്കളുമായി ചര്‍ച്ചചെയ്ത് പിന്തുണ അറിയിച്ചത്.
വയല്‍ക്കിളികള്‍ നടത്തുന്ന സമരത്തിന് യുഡിഎഫിന്റെ പൂര്‍ണ പിന്തുണയുണ്ടെന്നും സമരക്കാരോട് ചര്‍ച്ചയില്ലെന്ന സര്‍ക്കാര്‍ നിലപാട് ജനാധിപത്യത്തിന് യോജിച്ചതല്ലെന്നും ചെന്നിത്തല പറഞ്ഞു. ഇന്നലെ വൈകീട്ടാണ് പ്രതിപക്ഷനേതാവ് രമേശ് ചെന്നിത്തല, പ്രതിപക്ഷ ഉപനേതാവ് എം കെ മുനീര്‍, ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മുസ്്‌ലിംലീഗ് സംസ്ഥാന വൈസ് പ്രസിഡന്റ് വി കെ അബ്ദുല്‍ ഖാദര്‍ മൗലവി, സിഎംപി(യുഡിഎഫ് അനുകൂല വിഭാഗം) നേതാവ് സി എ അജീര്‍ തുടങ്ങിയവരുടെ നേതൃത്വത്തില്‍ വയല്‍ സന്ദര്‍ശിച്ചത്. സമരക്കാര്‍ കഴുകന്‍മാരല്ല, മനുഷ്യരാണെന്നും സമരക്കാരെ ഒറ്റപ്പെടുത്താന്‍ അനുവദിക്കില്ലെന്നും അദ്ദേഹം പറഞ്ഞു. സര്‍ക്കാര്‍ പിടിവാശി ഉപേക്ഷിച്ച് സമരക്കാരുമായി ചര്‍ച്ച നടത്തി പ്രശ്‌നം പരിഹരിക്കണമെന്ന് എം കെ മുനീര്‍ പറഞ്ഞു.
വയല്‍ക്കിളി നേതാക്കളായ നമ്പ്രാടത്ത് ജാനകി, സുരേഷ് കീഴാറ്റൂര്‍ തുടങ്ങിയവര്‍ നേതാക്കളെ സ്വീകരിച്ചു. പരസ്യപിന്തുണയുമായി യുഡിഎഫ് രംഗത്തെത്തിയതോടെ വയല്‍ക്കിളി സമരത്തിനു പുതിയ മാനം കൈവന്നിരിക്കുകയാണ്. സമരം ബിജെപി ഹൈജാക്ക് ചെയ്യുന്നുവെന്ന ആക്ഷേപത്തിനും സമരത്തിന് വി എം സുധീരനൊഴികെയുള്ള യുഡിഎഫ് നേതാക്കളുടെ പിന്തുണയില്ലെന്ന് സിപിഎമ്മും ആരോപിക്കുന്നതിനിടെയാണ് യുഡിഎഫ് സംഘത്തിന്റെ സന്ദര്‍ശനം. ബിജെപി രാഷ്ട്രീയ മുതലെടുപ്പിനു ശ്രമിച്ചതോടെ സമര ഐക്യദാര്‍ഢ്യ സമിതിയിലും ഭിന്നതയുണ്ടായിരുന്നു. പരിസ്ഥിതി പ്രവര്‍ത്തകരെല്ലാം സമരത്തെ സിപിഎം വിരുദ്ധമാക്കി മാറ്റുന്നതിനെതിരേ രംഗത്തെത്തിയിരുന്നു. സിപിഐയുടെ കര്‍ഷക സംഘടനയായ അഖിലേന്ത്യാ കിസാന്‍സഭ, നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണത്തിനു വേണ്ടി നാളെ കണ്ണൂരില്‍ സംസ്ഥാനതല കണ്‍വന്‍ഷന്‍ നടത്തും. ഇതിനിടെ, കീഴാറ്റൂര്‍ വിഷയത്തിലെ പാര്‍ട്ടി നിലപാട് വിശദീകരിച്ച് ജില്ലയില്‍ പര്യടനം നടത്തുന്ന സിപിഎമ്മിന്റെ രണ്ടു മേഖലാ ജാഥകള്‍ ഇന്നു സമാപിക്കും.

RELATED STORIES

Share it
Top