യുഡിഎഫ് കൗണ്‍സിലര്‍മാര്‍ ധര്‍ണ നടത്തും

കായംകുളം: സംസ്ഥാന പൗള്‍ട്രി വികസന കോര്‍പ്പറേഷന്‍ നടത്തിവരുന്ന കോഴിക്കൂടും കോഴികുഞ്ഞുങ്ങളും പദ്ധതിയുടെ ഭാഗമായി 6 മാസം മുമ്പ് നഗരപ്രദേശത്തെ ഗുണഭോക്താക്കളില്‍ നിന്നും ശേഖരിച്ച 16 ലക്ഷം രൂപയുടെ ആനുകൂല്യം വിതരണം ചെയ്യാത്ത എല്‍ഡിഎഫ് നഗരഭരണത്തിന്റെ ഗുരുതര വീഴ്ചയ്‌ക്കെതിരെ യുഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭാ കവാടത്തില്‍ ധര്‍ണ നടത്തുമെന്ന് പാര്‍ലമെന്ററി പാര്‍ട്ടി ലീഡര്‍ അഡ്വ. യു മുഹമ്മദ് പറഞ്ഞു. 1800 പേരില്‍ നിന്നും കൗണ്‍സിലര്‍മാര്‍ വഴി സമാഹരിച്ച 16 ലക്ഷം രൂപ വൈസ് ചെയര്‍മാന്‍ നേരിട്ട് വാങ്ങുകയായിരുന്നു. ഒരുമാസത്തിനുള്ളില്‍ പദ്ധതി നടപ്പിലാക്കുമെന്ന് പറഞ്ഞാണ് പണം വാങ്ങിയത്. മൂന്നുമാസം സ്വന്തം പേരിലുള്ള ബാങ്ക് അക്കൗണ്ടില്‍ നിക്ഷേപിച്ച തുകയെ സംബന്ധിച്ച് ആക്ഷേപം ഉയര്‍ന്നപ്പോള്‍ മാര്‍ച്ച് 31 ന് മുമ്പായി 850 രൂപ പ്രകാരം പദ്ധതി നടപ്പിലാക്കുമെന്ന് പ്രസ്താവന നല്‍കി ഭരണനേതൃത്വം രക്ഷപെടുകയായിരുന്നു.
ഏപ്രില്‍ 30 ന് മുമ്പായി പണം അടച്ച മുഴുവന്‍ ഗുണഭോക്താക്കള്‍ക്കും ആനുകൂല്യം വിതരണം ചെയ്തില്ലെങ്കില്‍ രണ്ടാംഘട്ട സമരമായി ഗുണഭോക്താക്കളെ പങ്കെടുപ്പിച്ച് മുനിസിപ്പല്‍ ഓഫീസ് ഉപരോധസമരം സംഘടിപ്പിക്കുവാനും യുഡിഎഫ് പാര്‍ലമെന്ററി പാര്‍ട്ടി യോഗം തീരുമാനിച്ചതായി ലീഡര്‍ അഡ്വ. യു മുഹമ്മദ് പറഞ്ഞു.

RELATED STORIES

Share it
Top