യുഡിഎഫ് അംഗങ്ങള്‍ യോഗത്തില്‍ നിന്ന് ഇറങ്ങിപ്പോയി

കോഴിക്കോട്: കട്ടിപ്പാറ ഉരുള്‍പൊട്ടല്‍ ഇരകളോട് സംസ്ഥാന സര്‍ക്കാറിന്റെ സമീപനത്തെ ചൊല്ലി ജില്ലാ പഞ്ചായത്ത് യോഗത്തില്‍ ബഹളം. നഷ്ടപരിഹാര തുക വര്‍ധിപ്പിക്കണമെന്നും മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കണമെന്നും ആവശ്യപ്പെടുന്ന നജീബ് കാന്തപുരം അവതരിപ്പിച്ച വി ഡി ജോസഫ് പിന്താങ്ങിയ പ്രമേയം അവഗണിച്ചതാണ് അനിഷ്ട സംഭവത്തിനിടയാക്കിയത്. കുറഞ്ഞ നഷ്ടപരിഹാരമാണ് അനുവദിച്ചത്.
ഇതു തിരുത്തണമെന്ന പ്രമേയം വിഷയത്തിന്റെ ഗൗരവം കണക്കിലെടുത്ത് ഔദ്യോഗികമാക്കി അംഗീകരിക്കണമെന്ന് യുഡിഎഫ് അംഗങ്ങള്‍ ആവശ്യപ്പെട്ടു. ഇതോടെ ഉരുള്‍പ്പൊട്ടലിലുണ്ടായ നാശനഷ്ടങ്ങള്‍ കണക്കാക്കി നഷ്ടപരിഹാരത്തുക ലഭ്യമാക്കാനും തകര്‍ന്ന റോഡുകള്‍ പുനനിര്‍മിക്കാനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും കേന്ദ്ര, കേരള സര്‍ക്കാരിനോട് ആവശ്യപ്പെട്ടുകൊണ്ടുള്ള പ്രമേയം ജില്ലാ പഞ്ചായത്ത് മെമ്പര്‍ കെ ബാലന്‍ അവതരിപ്പിച്ചു.
പ്രത്യേക പാക്കേജ് പ്രഖ്യാപിക്കുക, മുഖ്യമന്ത്രി സ്ഥലം സന്ദര്‍ശിക്കുക, നഷ്ടപരിഹാര തുക വര്‍ധിപ്പിക്കുക എന്നീ നിര്‍ദേശങ്ങള്‍ ഉള്‍പ്പെടുത്തണമെന്ന് യുഡിഎഫ് ആവശ്യപ്പെട്ടെങ്കിലും ഫലം കണ്ടില്ല.കാലവര്‍ഷ കെടുതി എന്നതിനപ്പുറം ഇതിന് പ്രാധാന്യമില്ലെന്നായിരുന്നു ജില്ലാ പഞ്ചായത്ത് ഭരണ സമിതി നിലപാട്.
തുടര്‍ന്ന് വിഷയത്തില്‍ പ്രതിഷേധിച്ച് യുഡിഎഫ് പാര്‍ട്ടി ലീഡര്‍ അഹമ്മദ് പുന്നക്കലിന്റെ നേതൃത്വത്തില്‍ വി ഡി ജോസഫ്, നജീബ് കാന്തപുരം, സി കെ ഖാസിം, എം എ ഗഫൂര്‍, ഷറഫുന്നിസ ടീച്ചര്‍, അന്നമ്മ എന്നിവര്‍ ഇറങ്ങിപ്പോയി.ജില്ലാ പഞ്ചായത്ത് യോഗത്തില്‍ പ്രസിഡന്റ് ബാബു പറശ്ശേരി അധ്യക്ഷത വഹിച്ച യോഗത്തില്‍  ജില്ലാ പഞ്ചായത്ത് അംഗങ്ങള്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റുമാര്‍, നിര്‍വഹണ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.

RELATED STORIES

Share it
Top