യുഡിഎഫില്‍ ആശയക്കുഴപ്പം തീരുന്നില്ല

എ   ജയകുമാര്‍
ചെങ്ങന്നൂര്‍:  ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ ഇടതുപക്ഷം സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാനെയും എന്‍ഡിഎ ബിജെപി ദേശീയ നേതാവ് പി എസ് ശ്രീധരന്‍ പിള്ളയെയും രംഗത്തിറക്കാന്‍ തീരുമാനിച്ചെങ്കിലും യുഡിഎഫില്‍ ആശയക്കുഴപ്പം തീരുന്നില്ല.
കര്‍ണാടകയില്‍ തിരഞ്ഞെടുപ്പ് ചുമതലയുള്ളതിനാല്‍ മുന്‍ എംഎല്‍എയും എഐസിസി സെക്രട്ടറിയുമായ പി സി വിഷ്ണുനാഥ് മല്‍സരിക്കാനില്ലെന്നു പ്രഖ്യാപിച്ചതോടെ മാവേലിക്കര മുന്‍ എംഎല്‍എ എം മുരളിയെ മല്‍സരിപ്പിക്കാന്‍ യുഡിഎഫ് ആലോചന നടത്തിയെങ്കിലും ഇടതുപക്ഷത്തു നിന്ന്് സജി ചെറിയാന്‍ മല്‍സരരംഗത്ത് എത്തിയതോടെ അടവുമാറ്റി ചവിട്ടേണ്ട സ്ഥിതിയാണ്. അവസാന റൗണ്ടില്‍ പി സി വിഷ്ണുനാഥിനെ തന്നെ മല്‍സരരംഗത്തെത്തിക്കാനാണ് ഇപ്പോഴത്തെ ശ്രമം. ഉപതിരഞ്ഞെടുപ്പില്‍ സിപിഎം ജില്ലാ സെക്രട്ടറി സജി ചെറിയാന്റെ പേര് പാര്‍ട്ടി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അദ്ദേഹത്തെ മുന്നില്‍ നിര്‍ത്തി പാര്‍ട്ടി തിരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നു. ഇടതുപക്ഷ വോട്ടുകള്‍ക്കു പുറമെ ന്യൂനപക്ഷ വോട്ടുകള്‍ കൂടി സമാഹരിച്ച് വിജയം അനായാസമാക്കാമെന്ന കണക്കുകൂട്ടലാണ് ഇതിനു പിന്നില്‍.
ജില്ലാ സെക്രട്ടറി തന്നെ സ്ഥാനാര്‍ഥിയായി എത്തിയതോടെ വിജയം ആവര്‍ത്തിക്കാന്‍ എല്ലാ തന്ത്രങ്ങളും മെനഞ്ഞ് സിപിഎം മണ്ഡലത്തില്‍ പ്രവര്‍ത്തനമാരംഭിച്ചു. മന്ത്രി ജി സുധാകരന്‍, ഗോവിന്ദന്‍ മാഷ് എന്നിവരാണ് തിരഞ്ഞെടുപ്പ് പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നത്. എ—ന്നാല്‍ സജി ചെറിയാന്‍ സ്ഥാനാര്‍ഥിയായതോടെ പാര്‍ട്ടിയിലെ അസംതൃപ്ത അംഗങ്ങള്‍ പ്രതികരണങ്ങളുമായി രംഗത്തെത്തിയിട്ടുള്ളത് ഇടതുപക്ഷത്തിന് വന്‍ ഭീഷണിയാണ്.  യുഡിഎഫില്‍ നിലവില്‍ മാവേലിക്കര മുന്‍ എംഎല്‍എ എം മുരളി മണ്ഡലത്തില്‍ പ്രചാരണ പ്രവര്‍ത്തനങ്ങള്‍ നടത്തുന്നുണ്ടെങ്കിലും നിലവിലെ സാഹചര്യത്തില്‍ മുന്‍ എംഎല്‍എ പി സി വിഷ്ണുനാഥ് മല്‍സരിക്കണമെന്ന ആവശ്യം ഇപ്പോഴും ശക്തമാണ്. ജയപരാജയങ്ങളുടെ സാധ്യത കണക്കു കൂട്ടി യുഡിഎഫിലെ സ്ഥാനാര്‍ഥിയെ പുനര്‍ നിര്‍ണയിക്കുമെന്നും സൂചനയുണ്ട്. യുഡിഎഫിന്റെ തട്ടകമായിരുന്ന ചെങ്ങന്നൂര്‍ കഴിഞ്ഞ തിരഞ്ഞെടുപ്പില്‍ പാര്‍ട്ടിക്കുളളിലെ തന്നെ ചേരിപ്പോരാണ് പരാജയത്തിനു വഴിതെളിച്ചത്. എ ഗ്രൂപ്പിന് സ്വാധീനമുള്ള മണ്ഡലത്തില്‍ പി സി വിഷ്ണുനാഥിനെ രംഗത്തിറക്കി മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി ഉള്‍പ്പടെയുളള നേതാക്കള്‍ പ്രചാരണ പരിപാടികള്‍ക്ക് എത്തുകയും ചെയ്താല്‍ മണ്ഡലം തിരിച്ചുപിടിക്കാനാവുമെന്നാണ് കോണ്‍ഗ്രസ് കേന്ദ്രങ്ങള്‍ കണക്കുകൂട്ടുന്നത്.

RELATED STORIES

Share it
Top