യുഡിഎഫിനും മാണിക്കും തലവേദനയായി ബാര്‍ കോഴക്കേസ്‌

കോട്ടയം/മലപ്പുറം: ലോക്‌സഭാ തിരഞ്ഞെടുപ്പ് അടുത്തുവരുന്ന സാഹചര്യത്തില്‍ ബാര്‍ കോഴക്കേസിലുണ്ടായ വിജിലന്‍സ് കോടതി വിധി യുഡിഎഫിനും കേരളാ കോണ്‍ഗ്രസ്സി (എം)നും വീണ്ടും തലവേദന സൃഷ്ടിക്കുന്നു. കേസിലെ പ്രതിസന്ധിയില്‍നിന്നു കരകയറിയെന്നു വിചാരിച്ച മുന്നണിക്കു രാഷ്ട്രീയമായി കനത്ത തിരിച്ചടിയാണ് കോടതിവിധിയിലൂടെ ഏറ്റുവാങ്ങേണ്ടി വന്നത്.
ബാര്‍ കോഴയില്‍ കെ എം മാണിക്കെതിരേ തെളിവില്ലെന്ന വിജിലന്‍സിന്റെ റിപോര്‍ട്ട് തള്ളിയാണു തുടരന്വേഷണത്തിനു കോടതി സര്‍ക്കാരിന്റെ അനുമതി തേടിയത്. ഇക്കാര്യത്തില്‍ ഇനി സര്‍ക്കാരിന്റെ നിലപാടാണു നിര്‍ണായകമാവുന്നത്. കേസില്‍ തുടരന്വേഷണത്തിനു സര്‍ക്കാര്‍ പച്ചക്കൊടി കാട്ടുകയാണെങ്കില്‍ അതു കെ എം മാണിയുടെ രാഷ്ട്രീയഭാവിക്കു മേലാവും കരിനിഴല്‍ വീഴ്ത്തുക. യുഡിഎഫ് പാളയത്തിലേക്കു മടങ്ങിപ്പോയതു കൊണ്ടു തന്നെ കെ എം മാണിയെ ഇനി സംരക്ഷിക്കേണ്ട ബാധ്യത തങ്ങള്‍ക്കില്ലെന്നാണ് എല്‍ഡിഎഫിന്റെ നിലപാട്. വരുന്ന തിരഞ്ഞെടുപ്പില്‍ കോടതിവിധിയെ യുഡിഎഫിനെതിരേ രാഷ്ട്രീയ ആയുധമാക്കാനാവും എല്‍ഡിഎഫ് പരമാവധി ശ്രമിക്കുക. വിധിയോട് ഇടതു നേതാക്കള്‍ നടത്തിയ പ്രതികരണം തന്നെ ഇതിനു തെളിവാണ്.
വിധി സ്വാഗതാര്‍ഹമാണെന്നും തുടരന്വേഷണത്തിന് സര്‍ക്കാര്‍ നടപടി സ്വീകരിക്കണമെന്നുമായിരുന്നു സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ പ്രതികരണം. കോടതിവിധിയനുസരിച്ച് തുടര്‍ നടപടി സ്വീകരിക്കുമെന്നു മന്ത്രി ഇ പി ജയരാജനും വ്യക്തമാക്കി. ബാര്‍ കോഴക്കേസില്‍ നിയമ നടപടികള്‍ക്കു സര്‍ക്കാര്‍ തയ്യാറാവണമെന്നായിരുന്നു കേസിലെ ഹരജിക്കാരന്‍ കൂടിയായ എല്‍ഡിഎഫ് കണ്‍വീനര്‍ എ വിജയരാഘവന്റെ ആവശ്യം. സത്യം പുറത്തുകൊണ്ടുവരാന്‍ സാധ്യതയുള്ള എല്ലാ വഴികളും വിജിലന്‍സ്—പരിശോധിക്കണമെന്നും അദ്ദേഹം പറഞ്ഞു. കെ എം മാണിക്കെതിരേ തുടരന്വേഷണം വേണമെന്ന നിലപാടാണ് സിപിഐക്കുമുള്ളത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ അമേരിക്കയില്‍ നിന്നു തിരികെയെത്തിയ ശേഷമാവും തുടരന്വേഷണത്തില്‍ നയപരമായ നിലപാടു സ്വീകരിക്കുക. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ കോട്ടയത്തെങ്കിലും ബാര്‍ കോഴക്കേസ് എല്‍ഡിഎഫിന് രാഷ്ട്രീയമായി ഉപയോഗിക്കേണ്ടത് അനിവാര്യമാണ്.
ഈ പശ്ചാത്തലത്തില്‍ കേസില്‍ തുടരന്വേഷണത്തിന് അനുമതി നല്‍കി തങ്ങള്‍ മാണിക്കെതിരാണെന്ന സന്ദേശം നല്‍കിയാവും എല്‍ഡിഎഫ് തിരഞ്ഞെടുപ്പു പ്രചാരണങ്ങള്‍ക്കു തുടക്കമിടുക. എന്നാല്‍, കേസില്‍ എല്‍ഡിഎഫ് സര്‍ക്കാരിന്റെ കാലത്തു നടത്തിയ വിജിലന്‍സ് അന്വേഷണത്തില്‍ ക്ലീന്‍ചിറ്റ് നല്‍കിയത് ഉയര്‍ത്തിക്കാട്ടിയാവും യുഡിഎഫിന്റെയും മാണിയുടെയും പ്രതിരോധം. ഇത് എല്‍ഡിഎഫിന്റെ പ്രചാരണത്തിന്റെ മുനയൊടിക്കുമെന്നതില്‍ തര്‍ക്കമില്ല.
കഴിഞ്ഞ തിരഞ്ഞെടുപ്പു കാലത്ത് ഉപയോഗിച്ച മൂര്‍ച്ചയില്ലാത്ത ആയുധമാണു ബാര്‍ കോഴക്കേസെന്നാണ് കേരളാ കോണ്‍ഗ്രസ്സിന്റെയും യുഡിഎഫിന്റെയും വാദം. കെ എം മാണിക്കെതിരായ കോടതിവിധി യുഡിഎഫിനുള്ളിലും അസ്വസ്ഥതകളുണ്ടാക്കാനാണു സാധ്യത. കോണ്‍ഗ്രസ്സിന്റെ രാജ്യസഭാ സീറ്റ് ദാനംചെയ്ത് കേരളാ കോണ്‍ഗ്രസ്സിനെ യുഡിഎഫിലേക്കു മടക്കിക്കൊണ്ടുവന്നതില്‍ അതൃപ്തിയുള്ള ഒരു വിഭാഗം മുന്നണിയിലുണ്ട്.
ചെങ്ങന്നൂര്‍ ഉപതിരഞ്ഞെടുപ്പില്‍ കെ എം മാണിയുടെ പിന്തുണ യുഡിഎഫിന് ഗുണം ചെയ്തില്ലെന്ന വിമര്‍ശനവും ശക്തമാണ്. അതിന്റെ അലയൊലി അടങ്ങും മുമ്പാണു ബാര്‍കോഴക്കേസിലെ പ്രതികൂല കോടതിവിധി. മാണിയെ ഒപ്പംകൂട്ടി ലോക്‌സഭാ തിരഞ്ഞെടുപ്പിനെ അഭിമുഖീകരിച്ചാല്‍ വലിയ തിരിച്ചടി നേരിടുമെന്നാണ് ഇവര്‍ വാദിക്കുന്നത്. ഒരിടവേളയ്ക്കു ശേഷം ബാര്‍ കോഴക്കേസ് വീണ്ടും കേരള രാഷ്ട്രീയത്തില്‍ സജീവ ചര്‍ച്ചാ വിഷയമായിരിക്കുകയാണ്. അതേസമയം, ബാര്‍ കോഴക്കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല പറഞ്ഞു. കേസിനെതിരേ യുഡിഎഫ് ഒറ്റക്കെട്ടായി മുന്നോട്ടുപോവും. വിജിലന്‍സ് കോടതിയുടെ വിധിപ്പകര്‍പ്പ് പഠിച്ച ശേഷം തുടര്‍ നടപടികള്‍ യുഡിഎഫ് തീരുമാനിക്കും. യുഡിഎഫ് കാലത്തും എല്‍ഡിഎഫ് സര്‍ക്കാരും നടത്തിയ വിജിലന്‍സ് അന്വേഷണങ്ങളില്‍ മാണി കുറ്റവിമുക്തനെന്നു തെളിഞ്ഞതാണെന്നും രമേശ് ചെന്നിത്തല പറഞ്ഞു. കേസിനെ നിയമപരമായും രാഷ്ട്രീയമായും നേരിടുമെന്നു പി കെ കുഞ്ഞാലിക്കുട്ടിയും പറഞ്ഞു.

RELATED STORIES

Share it
Top