യുഎസ്: സ്റ്റീല്‍, അലുമിനിയം ഇറക്കുമതി തീരുവയ്ക്ക് അംഗീകാരം

വാഷിങ്ടണ്‍: സ്റ്റീല്‍, അലുമിനിയം ഇറക്കുമതിക്ക് നികുതി ഏര്‍പ്പെടുത്തുന്ന ബില്ലില്‍ യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ഒപ്പുവച്ചു. 15 ദിവസത്തിനുള്ളില്‍ പുതിയ തീരുമാനം നടപ്പാക്കിത്തുടങ്ങും. എന്നാല്‍, യുഎസിന്റെ ചില സഖ്യകക്ഷികള്‍ക്ക് ഇളവ് അനുവദിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്.
അതേസമയം, യുഎസുമായി സുരക്ഷാ സഹകരണമുള്ള കാനഡ, മെക്‌സികോ തുടങ്ങിയ രാജ്യങ്ങള്‍ക്ക് നികുതിയില്‍ ഇളവ് അനുവദിച്ചിട്ടുണ്ട്. മറ്റു രാജ്യങ്ങളില്‍ നിന്നു യുഎസിലേക്ക് ഇറക്കുമതി ചെയ്യുന്ന സ്റ്റീലിന് 25 ശതമാനവും അലുമിനിയത്തിന് 10 ശതമാനവും നികുതിയായി നല്‍കേണ്ടി വരും.
അന്താരാഷ്ട്ര വ്യാപാരത്തിനു നേരെയുള്ള കനത്ത ആക്രമണമാണിതെന്നു ചൈന പ്രതികരിച്ചു. വ്യാപാര യുദ്ധത്തില്‍ നഷ്ടം മാത്രമേ ഉണ്ടായിട്ടുള്ളൂ എന്നായിരുന്നു ഫ്രഞ്ച് വാണിജ്യകാര്യ മന്ത്രി ബ്രൂനെ ലി മയ്‌റെയുടെ പ്രതികരണം. ലോക നാണയനിധി ഉള്‍പ്പെടെയുള്ള സംഘടനകള്‍ യുഎസിനെതിരേ രംഗത്തെത്തിയിട്ടുണ്ട്.
യുഎസിന്റെ നികുതി നയങ്ങളുമായി പൊരുത്തപ്പെട്ടു പോവുന്നില്ലെങ്കില്‍ ഇന്ത്യ, ചൈന പോലുള്ള രാജ്യങ്ങള്‍ക്കുമേല്‍ സമാന്തര നികുതി ഏര്‍പ്പെടുത്തുമെന്നും ട്രംപ് ഭീഷണിപ്പെുത്തി. യുഎസിലെ ഹാര്‍ലി ഡേവിഡ്‌സണ്‍ മോട്ടോര്‍ ബൈക്കുകള്‍ക്കുമേല്‍ ഇന്ത്യ 50 ശതമാനം ലെവി ഏര്‍പ്പെടുത്തിയതിനെ ഈയിടെ പലതവണ ട്രംപ് പരാമര്‍ശിച്ചിരുന്നു. ഇന്ത്യയില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന ബൈക്കുകള്‍ക്കുമേല്‍ തങ്ങള്‍ നികുതിയൊന്നും ചുമത്തുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കിയിരുന്നു. ഈ സാഹചര്യത്തിലാണ് പുതിയ ഭീഷണി. യുഎസ് കമ്പനികളെ മറ്റു രാജ്യങ്ങളില്‍ നല്ല രീതിയില്‍ പരിഗണിക്കുന്നില്ലെന്നും ട്രംപ് ആരോപിച്ചു.

RELATED STORIES

Share it
Top