യുഎസ്: മുസ്‌ലിംകള്‍ക്കെതിരേ ചാരവൃത്തിക്ക് ആഹ്വാനം ചെയ്ത് വംശീയ സംഘടന

ന്യൂയോര്‍ക്ക്: യുഎസില്‍ മുസ്‌ലിംകള്‍ക്കെതിരേ ചാരവൃത്തി നടത്തുന്നതിനായി ആശയ പ്രചാരണം നടത്തുന്ന സംഘടനയെക്കുറിച്ചുള്ള വിവരങ്ങള്‍ പുറത്ത്. ആക്റ്റ് ഫോര്‍ അമേരിക്ക എന്ന വംശീയ സംഘടനയാണു രാജ്യത്തെ മുസ്‌ലിംകളെ നിരീക്ഷിക്കുന്നതിനായി ആഹ്വാനം ചെയ്തു പ്രചാരണം നടത്തുന്നത്. സംഘടന പ്രസിദ്ധീകരിച്ച രേഖകള്‍ അല്‍ ജസീറ പുറത്തുവിട്ടു.
കിന്റര്‍ ഗാര്‍ട്ടന്‍ മുതല്‍ മുസ്‌ലിം വിദ്യാര്‍ഥികളെ നിരീക്ഷിക്കാനും അവര്‍ക്ക് ഇസ്‌ലാമിക സംഘടനകളുമായുള്ള ബന്ധം പരിശോധിക്കാനും 129 പേജുള്ള ബുക്‌ലെറ്റില്‍ യുഎസ് പൗരന്‍മാരോട് ആവശ്യപ്പെടുന്നു. സര്‍വകലാശാലകളിലെ മുസ്‌ലിം പ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കണമെന്നതാണു മറ്റൊരു നിര്‍ദേശം. സര്‍വകലാശാലകളില്‍ ജിഹാദ്, കുടിയേറ്റം, ഭീകരത എന്നിവ സംബന്ധിച്ച പക്ഷപാതപരമായ കാഴ്ചപ്പാടുകള്‍ അവതരിപ്പിക്കുന്ന പഠന വകുപ്പുകളെയും അധ്യാപകരെയും കണ്ടെത്തണമെന്ന് ആക്റ്റ് ഫോര്‍ അമേരിക്ക പറയുന്നു. ഇതിനായി സംഘടനയുടെ പ്രാദേശിക ഘടകങ്ങളെ നിയോഗിക്കും. പോളിറ്റിക്കല്‍ സയന്‍സ്, മിഡില്‍ ഈസ്റ്റ് സ്റ്റഡീസ് വകുപ്പുകളിലാണ് ഇസ്‌ലാമിക സംഘടനകളുടെ സ്വാധീനമുണ്ടാവുകയെന്നും സംഘടന പറയുന്നു. സൗദികളാണ് ഈ വകുപ്പുകള്‍ക്കു സാമ്പത്തിക സഹായം നല്‍കുന്നത്. ശരീയത്തിനെ അനുകൂലിക്കുന്നവരാണ് ആ വകുപ്പുകളിലെ അധ്യാപകര്‍, അമേരിക്കന്‍ വിരുദ്ധ, ഇസ്രായേല്‍ വിരുദ്ധ നിലപാടുകളാണ് അവര്‍ സ്വീകരിക്കുക എന്നിങ്ങനെ ആക്റ്റ് ഫോര്‍ അമേരിക്കയുടെ പ്രചാരണം തുടരുന്നു.
യുഎസിലെ ഏറ്റവും വലിയ മുസ്‌ലിം വിരുദ്ധ സംഘടനകളിലൊന്നാണ് ആക്റ്റ്. സംഘടനയുടെ പ്രവര്‍ത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങള്‍ അപൂര്‍വമായി മാത്രമാണു പുറത്തുവന്നിട്ടുള്ളത്. ആര്‍ട്ട് ഓഫ് ചാപ്റ്റര്‍ ലീഡര്‍ഷിപ്പ് എന്ന പേരില്‍ സംഘടയുടെ പ്രാദേശിക ഘടകങ്ങള്‍ക്കു നേതൃത്വം നല്‍കുന്നവര്‍ക്കുള്ള മാര്‍ഗനിര്‍ദേശങ്ങളടങ്ങിയ ബുക്ക്‌ലെറ്റാണ് ഇപ്പോള്‍ പുറത്തുവന്നിട്ടുള്ളത്.
യുഎസില്‍ മദ്‌റസകള്‍ വര്‍ധിക്കുന്നതില്‍ ആശങ്കപ്പെടുന്നതായി ആക്റ്റിന്റെ രേഖകളില്‍ പറയുന്നു. ഇമാമുമാര്‍ക്ക് റാഡിക്കല്‍ ഇസ്‌ലാമുമായി ബന്ധമുണ്ടെന്നതടക്കമുള്ള ആരോപണങ്ങളും ആക്റ്റിന്റെ ബുക്‌ലെറ്റിലുണ്ട്.

RELATED STORIES

Share it
Top