യുഎസ് പൗരനെന്ന വ്യാജേന തട്ടിപ്പ്: ഡല്‍ഹി സ്വദേശി അറസ്റ്റില്‍

കണ്ണൂര്‍: അമേരിക്കന്‍ പൗരനെന്ന വ്യാജേന ക്രിസ്ത്യന്‍ പള്ളികളിലെത്തി പണം തട്ടിപ്പ് നടത്തിയ യുവാവിനെ പോലിസ് അറസ്റ്റ് ചെയ്തു. ന്യൂഡല്‍ഹി കിര്‍ക്കിയിലെ ബ്ലോക്ക് ജങ്ഷനില്‍ എല്‍വിസ് വെന്റോ (36)യെയാണ് ടൗണ്‍ പോലിസ് പള്ളിക്കുന്ന് ശ്രീപുരത്തിനടുത്തു നിന്നു പിടികൂടി രാജപുരം പോലിസിനു കൈമാറിയത്. എന്നാല്‍ ഇയാളുടെ പേരിനെ കുറിച്ചും വിലാസത്തെ കുറിച്ചും കൃത്യമായ വിവരങ്ങളില്ലെന്നാണു പോലിസ് നല്‍കുന്ന സൂചന. റോയ് മേനോന്‍ എന്ന വിലാസവും ഇയാളില്‍ നിന്നു ലഭിച്ച രേഖകളിലുണ്ട്. പ്രതിക്ക് ഇന്ത്യന്‍ ഭാഷകളില്‍ അവഗാഹമില്ലെന്നും ഇഗ്ലീഷ് സംസാരത്തില്‍ നിന്നു നൈജീരിയന്‍ സാദൃശ്യമുള്ളതായും പോലിസ് പറയുന്നു. ഇക്കഴിഞ്ഞ 26ന് രാജപുരത്തെ പള്ളിയിലെത്തി ഫാദര്‍ ജെയിംസില്‍ നിന്നു 4000 രൂപ കൈക്കലാക്കിയെന്നാണു പരാതി. അമേരിക്കന്‍ പൗരനാണെന്നും ലണ്ടനില്‍ പഠിക്കുകയാണെന്നും ഇന്ത്യയിലെത്തിയപ്പോള്‍ പണവും രേഖകളുമടങ്ങിയ ബാഗ് നഷ്ടപ്പെട്ടെന്നും പറഞ്ഞ ഇയാള്‍ സാമ്പത്തിക സഹായം ആവശ്യപ്പെടുകയായിരുന്നു. ഇക്കാര്യം നാട്ടിലുള്ള ബന്ധുക്കളെ അറിയിച്ചതിനെ തുടര്‍ന്ന് വികാരിയുടെ ബാങ്ക് അക്കൗണ്ടിലേക്ക് പണം നിക്ഷേപിക്കുമെന്നും പറഞ്ഞിരുന്നു. അല്‍പസമയത്തിനു ശേഷം ഇദ്ദേഹത്തിന്റെ മൊബൈലിലേക്ക്, അമേരിക്കയില്‍ നിന്ന് 3000 ഡോളര്‍ നിക്ഷേപിച്ചതായി സന്ദേശമെത്തി. 56 മണിക്കൂറിനുള്ളില്‍ പണം പിന്‍വലിക്കാനാവുമെന്നും 75000 രൂപ കൂടി തരണമെന്നും യുവാവ് ആവശ്യപ്പെട്ടു. ഇതോടെ പിറ്റേന്ന് വരാന്‍ ആവശ്യപ്പെട്ട ഫാദര്‍ ബംഗളൂരുവിലെ സഭാ മേലധികാരികളെ അറിയിച്ചു. ഇവര്‍ അമേരിക്കയിലുള്ളവരുമായി ബന്ധപ്പെട്ടപ്പോള്‍ അങ്ങനെയൊരാള്‍ ഉണ്ടെന്നും പണം നല്‍കാന്‍ ആവശ്യപ്പെട്ടില്ലെന്നും മനസ്സിലായി. തുടര്‍ന്ന് വെള്ളരിക്കുണ്ട് സിഐയ്ക്കു പരാതി നല്‍കുകയായിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ പരിശോധിച്ചപ്പോഴാണ് കണ്ണൂരിലാണ് ഉള്ളതെന്നു വ്യക്തമായത്. തുടര്‍ന്നു കണ്ണൂര്‍ ടൗണ്‍ എസ്‌ഐ ഷാജി പട്ടേരിയെ വിവരമറിയിച്ചു. മഫ്തിയില്‍ നിലയുറപ്പിച്ച പോലിസ് സംഘം യുവാവിനെ ഫോണില്‍ വിളിച്ച് പണവുമായി ശ്രീപുരത്ത് എത്താന്‍ ആവശ്യപ്പെട്ടു. ഡിഎല്‍ 35 ഡിഎസ് 3647 ബൈക്കിലെത്തിയ യുവാവിനെ പോലിസ് കസ്റ്റഡിയിലെടുക്കുകയായിരുന്നു.

RELATED STORIES

Share it
Top