യുഎസ് - പാക് ബന്ധം മെച്ചപ്പെടുത്താമെന്ന് പ്രതീക്ഷ: മൈക് പോംപിയോ

ഇസ്‌ലാമാബാദ്: പാകിസ്താനുമായുള്ള ബന്ധം വഷളായ നിലയില്‍ നിന്ന് ഭേദപ്പെട്ട അവസ്ഥയിലേക്ക് തിരിച്ചെത്തിക്കാന്‍ കഴിയുമെന്ന് പ്രതീക്ഷിക്കുന്നതായി യുഎസ് വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ. പാകിസ്താന്‍ പ്രധാനമന്ത്രി ഇംറാന്‍ ഖാനുമായി നടത്തിയ കൂടിക്കാഴ്ചയ്ക്കുശേഷമാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. പാകിസ്താനുള്ള 30 കോടി ഡോളറിന്റെ സൈനികസഹായം റദ്ദാക്കുന്നതിന് യുഎസ് ധാരണയെത്തിയിരുന്നു. എന്നാല്‍ ഈ നിലപാടില്‍ നിന്നുള്ള മാറ്റമാണ് ഇപ്പോള്‍ യുഎസ് വിദേശകാര്യ സെക്രട്ടറിയുടെ വാക്കുകളില്‍ വ്യക്തമാവുന്നത്.
യുഎസുമായുള്ള ബന്ധത്തിലെ അസ്വാരസ്യങ്ങള്‍ പരിഹരിക്കപ്പെടുമെന്നതില്‍ പാക് പ്രധാനമന്ത്രി ഇംറാന്‍ ഖാന്‍ ശുഭാപ്തിവിശ്വാസം പ്രകടിപ്പിക്കുന്നുണ്ട്. യുഎസ് വിദേശകാര്യ സെക്രട്ടറിയായി സ്ഥാനമേറ്റശേഷം ആദ്യമായാണ് മുന്‍ സിഐഎ ഡയറക്ടര്‍ കൂടിയായ പോംപിയോ പാകിസ്താന്‍ സന്ദര്‍ശിക്കുന്നത്.
ഇംറാന്‍ ഖാനുമായുള്ള കൂടിക്കാഴ്ചയില്‍ നിരവധി വിഷയങ്ങള്‍ ചര്‍ച്ചയായതായി പോംപിയോ അറിയിച്ചു. അഫ്ഗാനില്‍ സമാധാനപരമായ പരിഹാരത്തിലേക്കെത്തിച്ചേരുന്നതടക്കമുള്ള വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ചയായി. ഇപ്പോള്‍ തയ്യാറായ അടിത്തറയില്‍ നിന്ന് തുടര്‍ച്ചയായുള്ള വിജയത്തിനുള്ള മാനദണ്ഡങ്ങള്‍ രൂപപ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.

RELATED STORIES

Share it
Top