യുഎസ് തീരുമാനത്തെ അപലപിച്ച് പാകിസ്താന്‍

ഇസ്‌ലാമാബാദ്: സൈനികസഹായം നിര്‍ത്തിവയ്ക്കുന്നതിനുള്ള യുഎസ് തീരുമാനത്തെ അപലപിച്ച് പാകിസ്താന്‍. ഏകപക്ഷീയമായാണ് പാകിസ്താനുള്ള സഹായം യുഎസ് നിര്‍ത്തിവയ്ക്കുന്നതെന്ന് പാക് വിദേശകാര്യമന്ത്രാലയം പ്രതികരിച്ചു. യുഎസ് ഇപ്പോള്‍ പാകിസ്താന്റെ സുഹൃത്തോ ശത്രുവോ അല്ലെന്നും എപ്പോഴും ചതിക്കുന്ന ചങ്ങാതിയാണെന്നും പാക് വിദേശകാര്യമന്ത്രി ഖ്വാജ മുഹമ്മദ് ആസിഫ് ജിയോ ന്യൂസ് ചാനലിനു നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇന്ത്യയുടെ ഭാഷയിലാണ് യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് സംസാരിക്കുന്നതെന്ന് ഖ്വാജ ആസിഫ് അഭിപ്രായപ്പെട്ടിരുന്നു. യുഎസുമായുള്ള പ്രശ്‌നത്തെക്കുറിച്ച് ചര്‍ച്ചചെയ്യാന്‍ ചേര്‍ന്ന ദേശീയ സുരക്ഷാ കൗണ്‍സില്‍ യോഗത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. അഫ്ഗാനിസ്താനിലെ പരാജയം മറച്ചുവയ്ക്കാന്‍ വേണ്ടി യുഎസ് പാകിസ്താനെ ബലിയാടാക്കുകയാണെന്നും വസ്തുതകള്‍ക്കു വിരുദ്ധമായ പ്രസ്താവനകളാണ് ട്രംപ് നടത്തിക്കൊണ്ടിരിക്കുന്നതെന്നും ഖ്വാജാ ആസിഫ് പറഞ്ഞു. പാകിസ്താന്റെ അന്തസ്സ് നിലനിര്‍ത്തി മാത്രമേ അമേരിക്കയുമായുള്ള ബന്ധത്തിനുള്ളൂവെന്ന് പാകിസ്താന്‍ പാര്‍ലമെന്റ് സ്പീക്കര്‍ അയാസ് സാദിഖ് പറഞ്ഞു.യുഎസിനെതിരേ തിരിച്ചടിക്കാന്‍ ശക്തമായ നടപടി സ്വീകരിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. ട്രംപില്‍ നിന്നുള്ള അപമാനങ്ങളുടെ പശ്ചാത്തലത്തില്‍ യുഎസുമായുള്ള ബന്ധം അവസാനിപ്പിക്കാന്‍ പാകിസ്താന്‍ തയ്യാറാവണമെന്ന് പ്രതിപക്ഷ നേതാവ് ഇമ്രാന്‍ ഖാന്‍ അഭിപ്രായപ്പെട്ടു. യുഎസിന്റെ  നയതന്ത്ര ഉദ്യോഗസ്ഥരെ പാകിസ്താന്‍ പുറത്താക്കണമെന്നും കറാച്ചിയില്‍ നിന്ന് അഫ്ഗാനിലേക്കുള്ള പാത യുഎസിനു തുറന്നുകൊടുക്കരുതെന്നും അദ്ദേഹം ആവശ്യപ്പെട്ടു. അതേസമയം, യുഎസിന്റെ ശിക്ഷാ നടപടിയെ നേരിടുന്നതിനുള്ള നടപടികള്‍ സ്വീകരിക്കുമെന്ന് പാക് സൈനികവക്താവ് ജനറല്‍ ആസിഫ് ഗഫൂര്‍ അറിയിച്ചു.

RELATED STORIES

Share it
Top